ജയ്‌പൂര്‍: കോട്ടയിലെ ജെ.കെ ലോൺ ആശുപത്രിയിലെ ശിശുമരണങ്ങളേക്കാൾ കൂടുതല്‍ മരണങ്ങൾ രാജസ്ഥാനിലെ ബിക്കാനേര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്നതായി റിപ്പോര്‍ട്ട്. ബിക്കാനേര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബറില്‍ 162 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2,219 കുട്ടികൾ കഴിഞ്ഞ ഡിസംബറില്‍ ഇവിടെ ചികിത്സക്കെത്തി. ഇതില്‍ 162 കുട്ടികൾ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടെന്നും സര്‍ദാര്‍ പട്ടേല്‍ മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ.എച്ച്.എസ് കുമാര്‍ അറിയിച്ചു.
അതേസമയം ആശുപത്രിയുടെ ഭാഗത്തുനിന്ന് ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ലെന്നും ഓരോ കുഞ്ഞിന്‍റെയും ജീവൻ രക്ഷിക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും അവസാന നിമിഷം വരെ നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. മരിച്ചതില്‍ ഒരു കുട്ടിയും ബിക്കാനേറിലെ ആശുപത്രിയില്‍ ജനിച്ചവരല്ലെന്നും വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളിലും ജനിച്ച കുട്ടികളെ ഗുരുതരാവസ്ഥയില്‍ ഇവിടെ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയിലെ ജെ.കെ ലോൺ സർക്കാർ ആശുപത്രിയിൽ 110 കുട്ടികളാണ് മരിച്ചത്.