ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്ഥിതി ചെയ്യുന്ന മലകളിലൊന്നാണ് ബിജ്‌ലി മഹാദേവ്. ഏറെ പ്രത്യേകതകളുള്ള ഒരു ശിവ ക്ഷേത്രവും കുളു പട്ടണത്തില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള ഈ മലമുകളില്‍ നിലയുറപ്പിച്ചിരിക്കുന്നു. മലമുകളിലെ ഈ ക്ഷേത്രത്തിന് നിരവധി തവണ മിന്നലേറ്റിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന് ഇന്നേ വരെ ഒരു ചെറുപോറല്‍ പോലും സംഭവിച്ചിട്ടില്ലായെന്നത് ഭക്തരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ഖരഹാൽ താഴ്‌വരയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ബിജ്‌ലി മഹാദേവ് ക്ഷേത്രം ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി ഭക്തരുടെ വിശ്വാസ കേന്ദ്രമാണ്. മലമുകളിലെ ദുര്‍ദേവതയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. ഒരിക്കല്‍ മിന്നലില്‍ തകര്‍ന്നുപോയ ശിവലിംഗത്തെ വെണ്ണ പുരട്ടി ക്ഷേത്രപുരോഹിതന്‍ പൂര്‍വനിലയിലാക്കിയെന്നാണ് ഐതിഹ്യം. ഇന്നും ശിവലിംഗത്തില്‍ മിന്നലേല്‍ക്കാറുണ്ടെങ്കിലും ശിവലിംഗത്തിന് ഒന്നും സംഭവിക്കാറില്ല. ഒപ്പം മിന്നലില്‍ നിന്നും ഒരു ഗ്രാമത്തെ മുഴുവനും ശിവലിംഗം സംരക്ഷിക്കുന്നുവെന്നും ഭക്തര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ 'മിന്നല്‍ മഹാദേവ്' എന്നും ഇവിടുത്തെ പ്രതിഷ്‌ഠ അറിയപ്പെടുന്നു.