പട്ന: രാഷ്ട്രീയ ജനതാദളില്‍ നിന്നും പുറത്താക്കപ്പെട്ട മൂന്ന് എം.എല്‍.എമാര്‍ ഇന്ന് ജനതാദല്‍ യുണൈറ്റഡില്‍ ചേരുമെന്ന് ജെഡിയു വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് പേരും നിതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയുവില്‍ ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ഭാഗമായി ഇന്ന് ജെ.ഡി.യു നേതാക്കള്‍ മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.
ഗെയ്ഘട്ട് എംഎല്‍എ മഹേശ്വരപ്രസാദ് യാദവ്, പതേപൂര്‍ എംഎല്‍എ പ്രേമ ചൗധരി, കീയോട്ടി എംഎല്‍എ ഫറാസ് ഫാത്മി എന്നിവരാണു പുറത്താക്കപ്പെട്ട ആര്‍ജെഡി നേതാക്കള്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടത്തി എന്നാരോപിച്ചാണ് ദിവസം ആര്‍.ജെ.ഡി മൂന്ന് എംഎല്‍എമാരെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ നടപടികള്‍. നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 29ന് അവസാനിക്കും.
കൊവിഡ് കാരണം തിരഞ്ഞെടുപ്പ് തിയ്യതി സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അതേസമയം ബിഹാറില്‍ ഇനിയുള്ള കാലം ആര്‍ജെഡിക്ക് വേരുറപ്പിക്കാന്‍ കഴിയില്ലെന്നും നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ അടുത്ത തിരഞ്ഞെടുപ്പിലും അധികാരത്തില്‍ വരുമെന്നതില്‍ സംശയമില്ലെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ അഭിപ്രായപ്പെട്ടു.