പട്‌ന:മുതിർന്ന നേതാക്കളുൾപ്പെടെ നിരവധി പേരുടെ രാഷ്രീയഭാവി തീരുമാനിക്കുന്ന ബിഹാറിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 78 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ 10 വരെ 8.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കൊവിഡിനെതിരെയുള്ള മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിഹാർ തെരഞ്ഞെടുപ്പിന്‍റെ അവസാന പോരാട്ടത്തിൽ ബിഹാർ നിയമസഭാ സ്പീക്കർ വിജയ് കുമാർ ചൗധരി, സംസ്ഥാന മന്ത്രിമാരായ ബിജേന്ദ്ര പ്രസാദ് യാദവ്, നരേന്ദ്ര നാരായൺ യാദവ്, മഹേശ്വർ ഹസാരി, രമേശ് ഋഷിദേവ്, ഫിറോസ് അഹമ്മദ്, ലക്ഷ്മേശ്വർ റോയ്, ബിമ ഭാരതി പ്രമോദ് കുമാർ, സുരേഷ് ശർമ തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഒക്ടോബർ 28 ന് 71 സീറ്റുകളിലേക്കും നവംബർ മൂന്നിന് 94 സീറ്റുകളിലേക്കും ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നു. നവംബർ 10 നാണ് വോട്ടെണ്ണൽ.