റായ്‌പൂര്‍: ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ വാഗ്‌ദാനത്തില്‍ ബിജെപിക്കെതിരെ ചത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍. ഇതുവഴി ബിജെപി പൊതുജനാരോഗ്യത്തെ രാഷ്‌ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്‌തു.
തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് വാക്‌സിനായി പണം നൽകേണ്ടിവരുമെന്ന് വോട്ടെടുപ്പ് വാഗ്‌ദാനം സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശമാണ് സൗജന്യ കൊവിഡ് വാക്‌സിന്‍. എന്നാല്‍ ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായി ഇത് മാറുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്‌ച കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. അധികാരത്തിലെത്തിയാല്‍ ഐസിഎംആര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ ബിഹാറിലെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പത്രികയിലെ പ്രധാന വാഗ്‌ദാനമാണ്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 28, നവംബര്‍ 3,7 തീയതികളിലാണ് നടക്കുന്നത്.