പാട്ന: ഉഷ്ണതരംഗം രൂക്ഷമായ ബീഹാറില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഔറംഗബാദ്, നവാഡ, ഗയ എന്നിവിടങ്ങളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഔറംഗബാദിൽ മാത്രം മരിച്ചവരുടെ എണ്ണം 30 ആയി. സംസ്ഥാനത്തിന്‍റെ പല ഭാഗത്തും കടുത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഔറംഗബാദിൽ 30, ഗയയിൽ 20, നവാഡയിൽ 11 പേരും മരണപ്പെട്ടതായി റിപ്പോർട്ട്. ഗയ ജില്ലയിൽമാത്രം 14 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് സിംഗ് പറഞ്ഞു. കനത്ത ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനം കടുത്ത ചൂട് അനുഭവിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി.
ഉഷ്ണതരംഗം മൂലം മരണങ്ങളുണ്ടാവുന്നത് ദൗർഭാഗ്യകരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പ്രതികരിച്ചു. കൊടും ചൂടത്ത് ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജൂണ്‍ 18 വരെ പട്‌ന, ഗയ എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില തുടരുമെന്നും സാധാരണ താപനിലയേക്കാൾ അഞ്ചോ അതിലധികമോ കൂടാൻ സാധ്യയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.