പട്‌ന: ബിഹാറിലെ വിവിധ പ്രദേശങ്ങളിൽ പ്രളയത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ. നേപ്പാളിലെ തെറായി പ്രദേശങ്ങളിൽ തുടർച്ചയായ മഴയിൽ മഞ്ജ ബ്ലോക്കിലെ നിമുയ പഞ്ചായത്തിലെ ജലനിരപ്പ് ഉയരുകയാണ്. ആളുകൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. താൽകാലിക ഷെൽട്ടറുകളിലേക്ക് മാറ്റാനോ അടിസ്ഥാന സൗകര്യങ്ങൾ നൽകുവാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതി ജനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
ഗന്ധക് നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഗോപാൽഗഞ്ച് പ്രദേശവും പ്രളയ ഭീഷണിയിലാണ്. അധികൃതർ പ്രദേശത്തേക്ക് ബോട്ടുകൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് റിപ്പോർട്ട്. റോഡുകളിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് മഷാൻ പൊലീസ് സ്റ്റേഷൻ, മക്‌സൂദ്‌പൂർ ജഗിരി തോല, മലാഹി തോല, സർദാർ ബ്ലോക്കിലെ രാംപൂർ എന്നിവിടങ്ങളിലെ ജനങ്ങൾ അടുത്ത ഗ്രാമങ്ങളിലേക്ക് മാറിത്തുടങ്ങി. 60 ഗ്രാമങ്ങളിലായി 40,000ത്തോളം പേരാണ് ദുരിതത്തിലായത്.