പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പോളിങ് പൂര്‍ത്തിയായി. വൈകുന്നേരം 5.30 വരെ 51.90 ശതമാനം പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ആറ് മണിവരെ ദീര്‍ഘിപ്പിച്ചിരുന്നു. അവസാന കണക്കുകള്‍ ലഭ്യമായി വരുന്നതേയുള്ളൂ. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ജാമുയി ജില്ലയിലാണ്. 57.41 ശതമാനമാണ് ഇവിടെത്തെ പോളിങ് ശതമാനം.
കൈമൂര്‍ ജില്ലയില്‍ 55.95 ശതമാനവും ലഖിസാരായി ജില്ലയില്‍ 55.44 ശതമാനം പോളിങ് രേഖപ്പെടുത്തി. ഭാഗല്‍പൂരില്‍ 52.16 ശതമാനവും ഗയയില്‍ 54.71 ശതമാനവും റോഹ്‌താസില്‍ 49.39 ശതമാനവും ബക്‌സറില്‍ 53.84 ശതമാനവും പോളിങ് രേഖപ്പെടുത്തി. മംഗാറിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 43.64 ശതമാനമാണ് ഇവിടുത്തെ പോളിങ് ശതമാനം. ജെഡിയു-ബിജെപി സഖ്യവും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ആര്‍ജെഡിയും ചേര്‍ന്ന മഹാസഖ്യവും, ബിഎസ്‌പിയുടെ നേതൃത്വത്തില്‍ മൂന്നാം കക്ഷിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 1,066 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്. നക്‌സല്‍ പ്രദേശങ്ങളിലൊഴിച്ച് ബാക്കി പ്രദേശങ്ങളില്‍ പോളിങ് സമയം ആറ് മണി വരെയാക്കിയിരുന്നു. 80 വയസിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ സംവിധാനത്തിലൂടെ വോട്ട് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ മൂന്നിന് രണ്ടാം ഘട്ടവും നവംബര്‍ 7ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.