ന്യൂഡല്‍ഹി: ഒക്ടോബർ 28ന് നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി 30 പ്രചാരകരുടെ പട്ടിക കോൺഗ്രസ് തയ്യാറാക്കി. ഇതിൽ പാർട്ടി മേധാവി സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, ശത്രുഘ്‌നന്‍ സിൻഹ എന്നിവർ ഉൾപ്പെടുന്നു.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കോൺഗ്രസ് പട്ടിക പങ്കുവച്ചിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ശക്തിസിൻ ഗോഹിൽ, ഷക്കീൽ അഹമ്മദ്, രൺദീപ് സിംഗ് സുർജേവാല എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. മുൻ ഗവർണർ നിഖിൽ കുമാർ, സദാനന്ദ് സിംഗ്, അഖിലേഷ് പ്രസാദ് സിംഗ്, കീർത്തി ആസാദ്, സഞ്ജയ് നിരുപം, ഉദിത് രാജ്, ഇമ്രാൻ പ്രതാപ്ഗരി, പ്രേം ചന്ദ് മിശ്ര, അനിൽ ശർമ, അജയ് കപൂർ, വീരേന്ദർ സിംഗ് റാത്തോഡ് എന്നിവരും പട്ടികയിലുണ്ട്. ആദ്യ ഘട്ടത്തിൽ കോൺഗ്രസ് 21 സീറ്റുകളിൽ മത്സരിക്കും. ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതികളിൽ ബിഹാർ തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും, അതേ ദിവസം തന്നെ ഫലപ്രഖ്യാപനവും നടക്കും.