പട്‌ന: ബിഹാറിലെ മുസാഫര്‍പൂരില്‍ അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ബാധിച്ച് ഒരു കുട്ടി കൂടി മരിച്ചു. ശ്രീകൃഷ്‌ണ മെഡിക്കല്‍ കോളജില്‍ 15 കുട്ടികളെയാണ് രോഗം ബാധിച്ച് ഈ വര്‍ഷം പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. 9 കുട്ടികള്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. 3 കുട്ടികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നും ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി ഡയറക്‌ടര്‍ ഡോ. എസ്‌കെ ഷഹി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 140 ലധികം കുട്ടികളാണ് ഇതേ രോഗം ബാധിച്ച് ജില്ലയില്‍ മരിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 121 കുട്ടികള്‍ സര്‍ക്കാര്‍ സ്ഥാപനമായ ശ്രീകൃഷ്‌ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങളാണ് മസ്‌തിഷ്‌ക ജ്വരത്തിനും ഉള്ളത്. കടുത്ത പനി, ചര്‍ദി, അപസ്‌മാരം എന്നീ ലക്ഷണങ്ങളും രോഗം മൂര്‍ച്ഛിച്ചാല്‍ ഹൃദയം,വൃക്ക, മസ്‌തിഷ്‌കം എന്നിവയെ ബാധിക്കുകയും ചെയ്യുന്നു.