മുസാഫർപൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഹാറിലെ മുസാഫർപൂരില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയെ പിടികൂടാനുള്ള തെരച്ചിൽ നടത്തിയപ്പോഴാണ് മുസാഫർപൂരിലെ ബെനിയാബാദ് ഒപി പ്രദേശത്തെ ഗെയ്ഘട്ടിൽ വെച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുള്ള പെൺകുട്ടി മലമൂത്രവിസർജ്ജനത്തിനായി ലിച്ചി തോട്ടത്തിൽ പോയപ്പോഴാണ് സംഭവം നടന്നത്.
വീരേന്ദ്ര മഹാട്ടോ, രഞ്ജൻ കുമാർ എന്നീ രണ്ട് യുവാക്കൾ അവളെ ക്രൂരമായി മർദ്ദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കുട്ടിയെ അബോധാവസ്ഥയിൽ എസ്‌കെഎംസിഎച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രകോപിതരായ കുടുംബാംഗങ്ങൾ രഞ്ജൻ കുമാറിനെ ഗ്രാമീണരുടെ സഹായത്തോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.