പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ എൻസിപി പാർട്ടി പ്രചാരണത്തിനൊരുങ്ങി ഭോജ്‌പുരി സിനിമാ താരം സുധീപ് പാണ്ഡെ. മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ, ജയന്ത് പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് മുംബൈയിൽ വെച്ച് താരം പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിഹാർ, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, ഡൽഹി, ചത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ ആരാധകരുള്ള താരമാണ് സുധീപ് പാണ്ഡെ.
ബിഹാർ, ഉത്തർ പ്രദേശ് സ്വദേശികളായ നിരവധി പേരാണ് മഹാരാഷ്‌ട്രയിൽ ഉള്ളതെന്നും അവർക്കായി പ്രവർത്തിക്കാനുള്ള മികച്ച അവസരമാണിതെന്നും പാണ്ഡെ പറഞ്ഞു. എൻസിപി വലിയ ഉത്തരവാദിത്വമാണ് തന്നിൽ ഏൽപ്പിച്ചിരിക്കുന്നതെന്നും ബിഹാർ തെരഞ്ഞെടുപ്പിൽ എൻസിപിക്ക് പരമാവധി രാഷ്ട്രീയ അടിത്തറ നേടിയെടുക്കുകയെന്നത് തന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ജനങ്ങൾക്ക് യഥാർഥ വികസനം എന്താണെന്ന് അറിയില്ല. നിതീഷ് കുമാറിന്‍റെ ഭരണത്തിൻ കീഴിൽ നടക്കുന്ന ചെറിയ പുരോഗതിയിൽ ജനങ്ങൾ സംത്യപ്‌തരാണ്. വളരെ പതുക്കെയാണ് ഇത് നടക്കുന്നതെന്നും വളരെ വർഷങ്ങൾ എടുത്താൽ മാത്രമേ ഈ രീതിയിലുള്ള വികസനം പൂർത്തീകരിക്കാനാകൂ. ബിഹാറിൽ വികസനം നടക്കുകയാണെങ്കിൽ എന്തിന് ബിഹാറിലെ ജനങ്ങൾ മഹാരാഷ്‌ട്രയിലേക്ക് പോകണം. ബിഹാറിന്‍റെ നിലവിലെ സ്ഥിതിയിൽ താൻ ദുഖിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40ഓളം ഭോജ്‌പൂരി ചിത്രങ്ങളിലാണ് താരം നായകനായി വേഷമിട്ടത്. വിരലിലെണ്ണാവുന്ന ഹിന്ദി സിനിമകളിലും സുധീപ് പാണ്ഡെ വേഷമിട്ടിട്ടുണ്ട്. സെപ്‌റ്റംബർ പത്തിന് ബിഹാറിൽ വെച്ച് കോൺഗ്രസിൽ ചേർന്നെങ്കിലും പ്രവർത്തന ശൈലി ഇഷ്‌ടപ്പെടാത്തതിനെ തുടർന്ന് രാജി നൽകുകയായിരുന്നു. ആർജെഡിയുമായും കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി ഒറ്റക്ക് മത്സരിക്കാനാണ് സാധ്യത.