ചത്തീസ്‌ഗഢ്: പ്ലാസ്റ്റിക് വിമുക്ത നാടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പ്രയത്‌നത്തിലാണ് ചത്തീസ്‌ഗഢ് ഭിലൈ സ്വദേശിയായ ശ്രദ്ധാ സാഹു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതിനായി 'ക്രോക്കറി ബാങ്ക്' എന്ന ആശയം മുന്നോട്ട് വെച്ചിരിക്കുകയാണ് ശ്രദ്ധ. സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും അടങ്ങുന്നതാണ് ശ്രദ്ധയുടെ 'ക്രോക്കറി ബാങ്ക്'. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങളും കപ്പുകളും ഒഴിവാക്കി സ്റ്റീല്‍ ഉല്‍പ്പന്നങ്ങൾ ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് ഇവര്‍.
ആഘോഷ പരിപാടികൾക്കായി സ്റ്റീല്‍ പാത്രങ്ങൾ ശ്രദ്ധ സൗജന്യമായാണ് നല്‍കുന്നത്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് പോലും ശ്രദ്ധയില്‍ നിന്ന് പാത്രങ്ങൾ വാടകക്ക് വാങ്ങാൻ ആളുകൾ എത്താറുണ്ട്. ആളുകൾക്ക് 'പാത്ര ബാങ്കി'നോട് മികച്ച പ്രതികരണമാണെന്നും പാത്രങ്ങൾ കഴുകി വൃത്തിയാക്കി തിരിച്ച് നല്‍കാറുണ്ടെന്നും ശ്രദ്ധ പറയുന്നു.
കുടുംബത്തിന്‍റെ പ്രോത്സാഹനത്തോടെയാണ് ശ്രദ്ധ സാമൂഹ്യ സേവനത്തിന്‍റെ ഭാഗമായി ക്രോക്കറി ബാങ്ക് നടത്തിവരുന്നത്. വീട്ടമ്മയായ ശ്രദ്ധ, വിദ്യാര്‍ഥികൾക്ക് സ്‌കൂളുകളിലെത്തി ബോധവല്‍ക്കരണ ക്ലാസുകളും നല്‍കാറുണ്ട്. 'ക്രോക്കറി ബാങ്ക്' എന്ന ആശയം പ്ലാസ്റ്റിക് വിമുക്ത നാടിലേക്ക് നയിക്കുന്ന ചെറിയൊരു ചുവടുവെപ്പാണെങ്കിലും അത് നിരവധി പേര്‍ക്ക് പ്രചോദനമായി മാറുകയാണ്.