അദൃശ്യനായ ശത്രുവിനെതിരെയുള്ള മഹായുദ്ധം!
പ്രതിരോധ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുക എന്നുള്ളത് പ്രയാസകരമാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ അത് നിര്‍ണായകവുമാണ്. അതി സൂക്ഷ്‌മ ജീവികള്‍ക്കെതിരെയുള്ള പോരാട്ടം നമുക്ക് പുത്തരിയൊന്നുമല്ല. ഇന്‍ഫ്‌ളുവന്‍സ മുതല്‍ പോളിയോ വരെയായി നിരവധി സാംക്രമിക രോഗാണുക്കളുമായി മാനവരാശി രൂപം കൊണ്ട നാള്‍ മുതല്‍ പോരാടി വരികയാണ്. മിക്കവാറും ഈ യുദ്ധങ്ങളിലെല്ലാം നമ്മള്‍ വിജയികളായിട്ടുമുണ്ട്. പക്ഷെ എന്തു കൊണ്ടാണ് കൊവിഡ് വൈറസിനെതിരെയുള്ള ഈ പുതിയ യുദ്ധം ഇത്ര സങ്കീര്‍ണ്ണമാവുന്നത്? എന്തുകൊണ്ടാണ് ലോകം ഈ വൈറസിനെ ഇത്ര ഭയക്കുന്നത്? മുന്‍ കാലങ്ങളില്‍ നിരവധി വൈറസുകള്‍ക്കെതിരെ ചെയ്തപോലെ കൊവിഡ്-19 നെതിരെയുള്ള യുദ്ധം നമുക്ക് എന്ന് ജയിക്കാനാകും?
ഭാരത് ബയോ ടെക്കിലെ ബിസിനസ് ഡെവലപ്പ്‌മെൻ്റ് മേധാവിയായ ഡോക്‌ടര്‍ റെയ്ച്ചസ് എല്ലയ്ക്കു മുന്നില്‍ ഈ ചോദ്യങ്ങളുമായി ഈനാട് എത്തി. ഈ കമ്പനി ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചു വരുന്നു. അതിൻ്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നു വരികയാണ്. ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അവ മറി കടക്കാനുമുള്ള വഴികളെ കുറിച്ചും ഡോക്‌ടര്‍ എല്ല വിശദീകരിക്കുകയുണ്ടായി. അവരുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്.
എന്തുകൊണ്ടാണ് നോവല്‍ കൊറോണ വൈറസ് ലോകത്തെ ഇങ്ങനെ വിറപ്പിക്കുന്നത്?
അതിനു നിരവധി കാരണങ്ങളുണ്ട്. ആദ്യത്തേത്, ഈ വൈറസ് മാനവരാശിയെ സംബന്ധിച്ചിടത്തോളം പുതിയ ഒന്നാണ്. കൊവിഡ് വൈറസുകളുടെ കുടുംബത്തില്‍ പെട്ടതാണ് ഈ സാര്‍സ്-സി ഒ വി-2 എന്നിവ. ഇത് വവ്വാലുകളില്‍ നിന്നും ചെള്ളുകളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നു. ചൈനയില്‍ ഇങ്ങനെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പകര്‍ന്നതിൻ്റെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാരണം അവിടെ ആളുകളില്‍ പലരും വേവിക്കാത്ത ഇറച്ചി ഭക്ഷിക്കും. ഇത് ഈ വൈറസിൻ്റെ പുതിയ വര്‍ഗമായതിനാല്‍ നമ്മുടെ രോഗ പ്രതിരോധ സംവിധാനത്തിന് അതിനെ ചെറുത്തു തോല്‍പ്പിക്കുവാന്‍ കഴിയാതെ വരുന്നു. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയൊക്കെ ഉള്ളവരില്‍ രോഗ പ്രതിരോധ ശേഷി ദുര്‍ബലമായിരിക്കും. അതിനാല്‍ അത്തരം ആളുകളില്‍ ഈ അണുബാധ ഉണ്ടാകുവാന്‍ ഉള്ള സാധ്യത വളരെ അധികമാണ്. രണ്ടാമതായി ഈ പകര്‍ച്ച വ്യാധിയുടെ വേഗതയാണ് ഭയപ്പെടുത്തുന്നത്. ഈ രോഗം ബാധിച്ച ഒരാള്‍ ചുരുങ്ങിയത് മൂന്ന് പേര്‍ക്കെങ്കിലും അത് പകര്‍ത്തുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. യുവാക്കളിലും മദ്ധ്യവയസ്‌കരിലും രോഗ ലക്ഷണങ്ങള്‍ വളരെ ചെറുതായിരിക്കും. പക്ഷെ ലക്ഷണങ്ങളില്ലാത്ത ഈ വാഹകര്‍ പ്രായമായവരിലേക്ക് രോഗം പടര്‍ത്തും. ഈ പകര്‍ച്ച വ്യാധിയെ പോലെ ഇത്രയും മാരകമയ മറ്റൊന്നില്ല. അതുകൊണ്ടാണ് ലോകം മുഴുവന്‍ കൊവിഡ്-19ൻ്റെ പേരില്‍ ഞെട്ടി വിറക്കുന്നത്.
പോളിയോക്കും വസൂരിക്കും പ്രതിരോധ കുത്തിവെയ്പ്പുകള്‍ വികസിപ്പിച്ചെടുത്ത ചരിത്രമുണ്ട് നമുക്ക്. പിന്നെ എന്താണ് കൊവിഡ്-19ന് ഒരു പ്രതിരോധ മരുന്ന് കണ്ടെത്താന്‍ ഇത്ര പ്രയാസം?
പറയുന്ന പോലെ അത്ര പ്രയാസമുള്ള കാര്യമല്ല അത്. പക്ഷെ പ്രതിരോധ മരുന്ന് വികസിപ്പിക്കുക എന്നത് ഏറെ സമയം എടുക്കുന്നതും സങ്കീര്‍ണ്ണവുമായ പ്രക്രിയയാണ്. ഫലപ്രദമായ ഒരു ആൻ്റിബയോട്ടിക്കോ അല്ലെങ്കില്‍ വൈറസ് വിരുദ്ധ മരുന്നോ ഉല്‍പ്പാദിപ്പിക്കുന്നതിന് 5 മുതല്‍ 7 വര്‍ഷം വരെ സമയമെടുക്കും. അത് ഏറെ ചെലവേറിയ പ്രക്രിയയുമാണ്. മാത്രമല്ല, പ്രതിരോധ കുത്തിവെയ്പ്പുകള്‍ രോഗം വരുന്നത് തടയാനായി ആരോഗ്യമുള്ളവര്‍ക്ക് നല്‍കുന്നതുമാണ്. അതിനാല്‍ അത് ഫലപ്രദമാണോ എന്നതിലുപരി സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുകയാണ് കൂടുതല്‍ പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടാണ് ചിലപ്പോള്‍ ഒരു പ്രതിരോധ കുത്തിവെയ്പ്പ് വികസിപ്പിച്ചെടുക്കുവാന്‍ 7 മുതല്‍ 20 വര്‍ഷം വരെ എടുക്കുന്നത്. ഈ പ്രക്രിയക്ക് വിവിധ ഘട്ടങ്ങളുണ്ട്. ഇന്ത്യ കൂടുതലും ജനറിക് മരുന്നുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതിനര്‍ത്ഥം അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഉല്‍പ്പാദിപ്പിച്ചുവരുന്ന മരുന്നുകളുടെ അവകാശം വാങ്ങിയ ശേഷം അവ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങുക എന്നതാണ്. പക്ഷെ ഇങ്ങനെ ഒരു പ്രതിരോധ കുത്തിവെയ്പ്പ് വികസിപ്പിച്ചെടുക്കുക അസാധ്യമാണ്. ആദ്യം നമുക്ക് ഈ അണുബാധ തടയുന്നതിനുള്ള പുതിയ ഒരു മരുന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരു ഉല്‍പ്പാദന പ്രക്രിയയും നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. അതിനു ശേഷം മൃഗങ്ങളിലും മനുഷ്യരിലും ഇത് പരീക്ഷിക്കേണ്ടതുമുണ്ട്. ഇതെല്ലാം കൂടി ചേര്‍ന്ന് 7 മുതല്‍ 20 വരെ വർഷം എടുക്കും. എബോളക്ക് ഒരു പ്രതിരോധ കുത്തിവെയ്പ്പ് ഈ അടുത്താണ് കണ്ടുപിടിച്ചത്. 3 മുതല്‍ 5 വര്‍ഷം വരെ എടുത്തു അതിന്. അതിനാല്‍ കൊവിഡ് 19 വൈറസിന് ഒരു പ്രതിരോധ കുത്തിവെയ്പ്പ് കണ്ടെത്തുവാന്‍ ഒന്നര വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ എന്തൊക്കെയായാലും സമയം വേണം. ഈ കാലയളവ് കുറക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.
ഈ വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് എങ്ങനെ തടയാനാകും?
ബാധിച്ച ആളുകളുടെ സ്രവങ്ങളില്‍ അതിൻ്റെ ആൻ്റിബോഡികള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ഈ ആൻ്റിബോഡികള്‍ വലിച്ചെടുത്ത് അത് ആരോഗ്യമുള്ളവരില്‍ കുത്തിവെച്ചാല്‍ നല്ല ഫലങ്ങള്‍ ഉളവാകും. ഈ പ്രക്രിയക്ക് കണ്‍വാലസെൻ്റ് പ്ലാസ്‌മ തെറാപ്പി എന്നാണ് പറയുന്നത്. ന്യൂയോര്‍ക്കിലാണ് ഈ പഠനം ആദ്യമായി ആരംഭിച്ചത്. പക്ഷെ ഇത് ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണ്. സ്ഥിരമായ ഒരു പരിഹാരം എന്നത് ലഭ്യമായ ജനിതക ഘടനകള്‍ പഠിച്ചു കൊണ്ട് ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കല്‍ തന്നെയാണ്. പക്ഷെ അതിനു മുന്‍പ് വൈറസിൻ്റെ ഏത് ഭാഗമാണ് നമ്മുടെ കോശങ്ങളെ ആക്രമിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. വൈറസിനെ തടുക്കുന്നതിനായി തതുല്ല്യമായ ആൻ്റിബോഡി സൃഷ്‌ടിക്കേണ്ടതുണ്ട്. വൈറസിൻ്റെ പുറം പാളിയിലുള്ള മുനകളാണ് മനുഷ്യശരീരത്തെ ആക്രമിക്കുന്നത്. ജനുവരിയില്‍ തന്നെ ചൈനാ സര്‍ക്കാര്‍ കൊവിഡ് വൈറസിൻ്റെ ജനതക ഘടന പുറത്തിറക്കുകയുണ്ടായി. അന്ന് തൊട്ട് തന്നെ ഞങ്ങളെല്ലാവരും വൈറസിൻ്റെ പ്രോട്ടീന്‍ മുനകളെ തടുക്കുവാനുള്ള വഴികള്‍ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.
എന്‍ സി ഒ വി അണുബാധ ചികിത്സിക്കുവാന്‍ മരുന്നുകള്‍ എന്തെങ്കിലും ഉണ്ടോ?
നിലവില്‍ കൊവിഡ്-19 ചികിത്സിക്കുവാന്‍ മരുന്നുകള്‍ ഒന്നും തന്നെയില്ല. മലേറിക്ക് നല്‍കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍, അസിത്രോമൈസിന്‍ എന്ന ആൻ്റിബയോട്ടിക് എന്നിവ ഫലപ്രദമാണെന്ന് ഡോക്‌ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നു. അസിത്രോമൈസിന്‍ ഫലപ്രദമാകാം. പക്ഷെ അതിനു അനുഭവ സിദ്ധമായ തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ഇല്ല. മാത്രമല്ല, ഈ മരുന്നുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളവയാണ്. അതിനാല്‍ ഡോക്‌ടറുമായി ആലോചിക്കാതെ ഇത്തരം മരുന്നുകള്‍ കഴിക്കരുതെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. തുടക്കത്തില്‍ എച്ച് ഐ വി വിരുദ്ധ മരുന്നുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ അതിൻ്റെ ഫലം ഇല്ലാതായി തുടങ്ങി. ചില ശാസ്ത്രഞ്ജര്‍ ഒസെല്‍ട്ടാംവിര്‍ എന്ന വൈറസ് വിരുദ്ധ മരുന്ന് നിര്‍ദ്ദേശിച്ചിരുന്നു എങ്കിലും അത് ഫലപ്രദമായിരുന്നില്ല. ഇതുവരെയുള്ള ഗവേഷണ വിവരങ്ങള്‍ പ്രകാരം റംഡസിവിര്‍ നല്ല ഫലപ്രദമാണെന്ന് കാണുന്നു. എല്ലാ പരീക്ഷണങ്ങളും വിജയകരമായി കലാശിച്ചാല്‍ ഈ മരുന്ന് ഇവിടെ തന്നെ നിര്‍മ്മിക്കാന്‍ നമുക്ക് ആരംഭിക്കാം.
രാജ്യം മുഴുവന്‍ ഈ വൈറസിനോട് പടപൊരുതുകയാണ്. ഇനി മറ്റെന്തെങ്കിലും നമുക്ക് ചെയ്യാനായിട്ടുണ്ടോ?
ഇക്കാര്യത്തില്‍ നമ്മുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുത്തു വരുന്ന നടപടികള്‍ അസാധാരണമാണ്. 21 ദിവസത്തെ ദേശവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ച് 130 കോടി ജനങ്ങളെ നിയന്ത്രിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമ്മള്‍ അതീവ ജനസാന്ദ്രതയുള്ള രാജ്യമാണ്. നമ്മുടെ ആരോഗ്യ പരിപാലന സംവിധാനമാകട്ടെ അത്രയൊന്നും ശക്തവുമല്ല. അതിനാല്‍ കടുത്ത ഒരു അടച്ചിടല്‍ അനിവാര്യമാണ്. ഈ തീരുമാനത്തിൻ്റെ പ്രാധാന്യം എല്ലാ പൗരന്മാരും തിരിച്ചറിയണം. എല്ലാവരും സാമൂഹിക അകലം പിഴവില്ലാതെ പാലിക്കണം.
പ്രതിരോധ കുത്തിവെയ്പ്പുകള്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കടുത്ത പ്രതിസന്ധിയുടെ ഈ വേളയില്‍ നമുക്ക് എന്ത് പങ്കാണ് വഹിക്കാനുള്ളത്?
ലോകത്ത് ജനിക്കുന്ന 10 കുഞ്ഞുങ്ങളില്‍ 6പേര്‍ക്ക് ലഭിക്കുന്നത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രതിരോധ മരുന്നുകളാണ്. വില കുറഞ്ഞ പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ നമ്മുടെ കമ്പനികളാണ് ഏറ്റവും മികച്ചവര്‍. സാധാരണ ചെലവിൻ്റെ പത്തിലൊന്നിലാണ് നമ്മള്‍ പ്രതിരോധ മരുന്നുകള്‍ നിര്‍മ്മിക്കുന്നത്. ഫലപ്രദമായ പ്രതിരോധ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിൻ്റെ ഒരു ചരിത്രം നമുക്കുള്ളതിനാല്‍ കൊവിഡ്-19നുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാനും നമുക്ക് ധാര്‍മികമായ ഉത്തരവാദിത്തമുണ്ട്. അതിനാല്‍ ഒന്നുകില്‍ നമുക്ക് നമ്മുടേതായ ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാം. അല്ലെങ്കില്‍ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കുന്നതില്‍ വ്യാപൃതരായിരിക്കുന്ന സംഘടനകളുമായി കൈകോര്‍ക്കാം. അതുകൊണ്ടാണ് ഞങ്ങള്‍ ഭാരത് ബയോടെക് ഒരു അന്താരാഷ്ട്ര കൂട്ടായ്‌മയുമായി കൈ കോര്‍ത്തിരിക്കുന്നത്. ഇത് ഉറപ്പായും പെട്ടെന്നുള്ള ഫലങ്ങള്‍ ഉളവാക്കും. മൃഗങ്ങളിലും മനുഷ്യരിലും ഒരേ സമയം തന്നെ പരീക്ഷണങ്ങള്‍ നടത്താനുള്ള അനുമതി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കി കഴിഞ്ഞു. ഇത് അനിതര സാധാരണമായ ഒരു നീക്കമാണ്. നിര്‍ദ്ദേശങ്ങളുമായി രംഗത്തു വന്നിരിക്കുന്ന മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്കും രോഗ നിര്‍ണയ കമ്പനികള്‍ക്കും ഗ്രാന്‍ഡുകളും അംഗീകരിച്ചിരിക്കുന്നു ഡിസിജിഐ. ഇന്ത്യാ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിര്‍ണായകമായ നടപടികളാണ് ഇതെല്ലാം തന്നെ.