ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്‍റെ കൊവിഡ് -19 വാക്‌സിന് സെപ്റ്റംബർ ഏഴ് മുതൽ രണ്ടാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ അനുമതി. രണ്ടാം ഘട്ട പരീക്ഷണം ഉടൻ ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്നും ഒന്നാം ഘട്ടം ഇപ്പോഴും തുടരുകയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ഇ. വെങ്കട റാവു പറഞ്ഞു. വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണത്തിൽ പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍റെ മനുഷ്യ പരിശോധന നടത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തെരഞ്ഞെടുത്ത രാജ്യത്തെ 12 മെഡിക്കൽ സെന്‍ററുകളിൽ ഐഎംഎസും എസ്‌യുഎം ആശുപത്രിയും ഉൾപ്പെടുന്നു. രണ്ടാം ഘട്ടത്തിന്‍റെ ഭാഗമാകാൻ ആളുകൾ വളരെയധികം താൽപര്യം കാണിക്കുന്നതായും ഡോ. റാവു പറഞ്ഞു. പരീക്ഷണത്തിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് http://ptctu.soa.ac.in എന്ന ഐഡിയിൽ ബന്ധപ്പെടാം.