മദ്യം വാങ്ങാൻ വെർച്വൽ ക്യൂ ഒരുക്കുന്ന ബെവ് ക്യൂ ആപ്പാണ് ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്. ഇപ്പോള്‍ ബെവ് ക്യൂ ആപ്പിന് അനുമതി നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. ആപ്പ് വരുമെന്ന് അറിയിപ്പ് ലഭിച്ചത് മുതല്‍ അതിനായുള്ള കാത്തിരിപ്പിലായിരുന്നു മദ്യപന്മാര്‍. എന്നാല്‍ തുടർച്ചയായി സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടതിനാല്‍ ആപ്പ് പുറത്തിറക്കുന്നതിന് തടസങ്ങള്‍ നേരിട്ടു. കാത്തിരുന്ന് മുഷിഞ്ഞവര്‍ ബെവ് ക്യൂ ആപ്പിന് അനുമതി വൈകിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഗൂഗിള്‍ സി.ഇ.ഒ സുന്ദർ പിച്ചെയ്ക്കെതിരെയും ട്രോൾമഴ തീര്‍ത്ത് പ്രതിഷേധിച്ചു. സുന്ദര്‍ പിച്ചെയുടെയും ഗൂഗിളിന്‍റെയും ഫേസ്ബുക്ക് പേജില്‍ കമന്‍റിട്ടും ചിലര്‍ പ്രതിഷേധിച്ചു.
ആപ്പിനായി കാത്തിരിക്കുന്ന മദ്യപന്മാരെയും സുന്ദര്‍ പിച്ചെയെയും ഉള്‍പ്പെടുത്തി ഒരുക്കിയ ട്രോളുകള്‍ വൈറലായിരുന്നു. ഇപ്പോള്‍ ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കിയപ്പോള്‍ പ്രതിഷേധം ഫലം കണ്ട സംതൃപ്തിയിലാണ് ബെവ് ക്യൂ ആപ്പിനായി കാത്തിരുന്നവര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്ലേസ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ആപ്പ് ബെവ് ക്യൂ ആയിരുന്നു. ഇപ്പോള്‍ ആപ്പിന് അനുമതി നല്‍കിയ സുന്ദര്‍ പിച്ചെയ്ക്ക് നന്ദി അറിയിക്കുകയാണ് നേരത്തെ ട്രോളിലൂടെ പ്രതിഷേധിച്ചവര്‍. ഇത് നമ്മുടെ വിജയമാണെന്നാണ് ആപ്പിന് അനുമതി ലഭിച്ച വാര്‍ത്ത പുറത്ത് വന്നശേഷം ചിലര്‍ കമന്‍റ് ചെയ്തത്.
ഇന്ത്യക്കാരനായ സുന്ദർ പിച്ചെയ് മലയാളികളോട് എത്രയും വേഗം കരുണ കാണിക്കണം, ആപ്പിന് അനുമതി നൽകണേ, ഉപകാര സൂചകമായി ഫോട്ടോ പേഴ്സിൽ വെക്കാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും എത്ര കാത്തിരിക്കേണ്ടി വന്നാലും, ഇതൊന്നും കൊണ്ട് ഞങ്ങൾ അങ്ങനെ മുട്ടുമടക്കില്ലെന്ന ഉറച്ച തീരുമാനങ്ങളും ആപ്പിന് അനുമതി നല്‍കാന്‍ വൈകുന്ന സുന്ദര്‍ പിച്ചെയ് അറിയുന്നതിനായി സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ പറഞ്ഞിരുന്നു.
ഒരു ദിവസത്തിനകം ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭിക്കും. രണ്ട് ദിവസത്തിനകം ഓണ്‍ലൈന്‍ വിതരണം ആരംഭിക്കും. അതിനിടെ എസ്എംഎസ് നിരക്ക് നിശ്ചയിക്കാൻ ചീഫ് സെക്രട്ടറി മൊബൈൽ കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്.