ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് ചികിത്സ ചെലവ് അടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് മൃതദേഹം വിട്ടുകൊടുക്കാൻ ബെംഗളൂരുവിലെ ആശുപത്രി അധികൃതർ വിസമ്മതിച്ചതായി ആരോപണം. ഒമ്പത് ലക്ഷം രൂപയാണ് ഇവരുടെ ചികിത്സാ ചെലവ് കണക്കാക്കിയത്.
കടുത്ത പനിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും മൂലം യുവതിയെ ജൂലൈ 13നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനയിൽ വൈറസ് ബാധിച്ചതായി കണ്ടെത്തി. വെള്ളിയാഴ്ച ആരോഗ്യനില വഷളാകുകയും യുവതി മരിക്കുകയും ചെയ്തു. ചികിത്സാചെലവ് അടച്ച ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ അധികൃതർ അറിയിച്ചു. മണിപ്പാൽ ആശുപത്രിക്ക് മുന്നിൽ മൃതദേഹം ഏറ്റുവാങ്ങാൻ 28 മണിക്കൂർ കാത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിന്നീട് മന്ത്രി ബൈരതി ബസവ്രാജ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ആശുപത്രിയിലെത്തിയപ്പോൾ വിഷയം അദ്ദേഹത്തെ അറിയിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മൃതദേഹം കൈമാറാൻ മന്ത്രി ബൈരതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടതായും കുടുംബാംഗങ്ങൾ പറഞ്ഞു.