ബെംഗളൂരു: മയക്കുമരുന്ന് കടത്തിയതിന് രണ്ട് വിദേശികളെ ബെംഗളൂരുവിലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തുകാരായ നാൻസോ ജോൺ, ട്രൂറി ബെൻ എന്നിവരാണ് അറസ്റ്റിലായത്. രാമമൂർത്തി നഗറിലെ പ്രധാന തെരുവിൽ മയക്കുമരുന്ന് വിൽക്കാൻ പ്രതികൾ ഗൂഡാലോചന നടത്തിയിരുന്നു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെയാണ് ഇവര്‍ സിസിബി ഇൻസ്പെക്ടർ ലക്ഷ്മികാന്തയ്യയുടെ പിടിയിലാവുന്നത്.
എക്സ്റ്റസി ഗുളികകളും എൽഎസ്ഡി സ്ട്രിപ്പുകളും വിൽക്കാൻ അവർ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ആകെ 134 എക്സ്റ്റസി ഗുളികകളും 10 ലക്ഷം രൂപ വിലമതിക്കുന്ന 25 എൽഎസ്ഡി സ്ട്രിപ്പുകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. മെഡിക്കൽ അറ്റൻഡൻസ് വിസയുമായാണ് പ്രതികൾ ഇന്ത്യയിലെത്തിയത്. പാസ്‌പോർട്ട്, വിസ നിയമങ്ങൾ ലംഘിച്ച് ഇവര്‍ നിയമവിരുദ്ധമായ പ്രവർത്തനം നടത്തുകയായിരുന്നു. പ്രതികൾക്കെതിരെ ഹെന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികൾ 2017 മുതൽ ഇതേ പ്രവൃത്തി ചെയ്യുന്നുണ്ടെന്നും കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ രാമമൂർത്തി നഗറിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ ഇതിനകം തന്നെ ജയിലില്‍ കിടന്നതായും അറിയുന്നു.