കൊൽകത്ത: പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ (എഐഎംഐഎം) സംഘടന ചുരുങ്ങിയത് 10 സീറ്റുകളെങ്കിലും മത്സരിക്കാന്‍ തയാറെടുത്തു വരികയാണ്. അതോടു കൂടി വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുകയും, മുസ്ലീം ന്യൂനപക്ഷത്തെ സംസ്ഥാനത്തെ ഒരു വോട്ടു ബാങ്കായി വേരിതിരിച്ച് കാണുകയും ചെയ്യുന്ന പ്രശ്‌നം വീണ്ടും ശ്രദ്ധയാകര്‍ഷിക്കും. ഇതിന് പുറമെ എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ മറ്റൊരു മുസ്ലീം മത പുരോഹിതനായ അബ്ബാസ് സിദ്ദിഖി ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന സ്വന്തം പാര്‍ട്ടിയും ആരംഭിച്ചിരിക്കുന്നു. നിലവിൽ തന്നെയുളള എഐഎംഐഎം കൂടിയുള്ളപ്പോൾ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകും.
ന്യൂനപക്ഷങ്ങളെ ഒരു വോട്ടു ബാങ്കായി കണക്കാക്കുന്നത് ബംഗാള്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പാരമ്പര്യമാണ്. അത് തെരഞ്ഞെടുപ്പു കാലങ്ങളില്‍ മാത്രമായി ഒതുക്കി നിര്‍ത്തപ്പെടുന്ന ഒരു കാര്യവുമല്ല. മമതാ ബാനര്‍ജി ഒരു പ്രത്യേക രീതിയില്‍ നിന്ന് പ്രാർഥിക്കുന്ന പോസ്റ്ററുകളും കട്ടൗട്ടുകളും ഒക്കെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഒരു പ്രത്യേക മത വിഭാഗത്തിൻ്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും തൊട്ടു മുന്‍പായാണ് ഈ പോസ്റ്ററുകളും ബാനറുകളുമൊക്കെ പുറത്തു വിട്ടിരിക്കുന്നത്. ഇമാമുമാര്‍ക്കും മുഅയ്‌സിനുകള്‍ക്കും പ്രതിമാസ സ്‌റ്റൈപ്പൻ്റ് അനുവദിച്ചു കൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ തീരുമാനവും മമതാ ബാനര്‍ജിയുടെ പ്രീണന തന്ത്രങ്ങളുടെ ഭാഗമായുള്ള ഒന്നാണ്.
34 വര്‍ഷം ബംഗാള്‍ ഭരിച്ച ഇടതുപക്ഷ മുന്നണിയും ഇത്തരം പ്രീണന രാഷ്ട്രീയ മത്സരത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. ഓരോ തെരഞ്ഞെടുപ്പ് വേളയിലും മുസീം ന്യൂനപക്ഷങ്ങളുടെ പരമാവധി വോട്ടുകള്‍ നേടിയെടുക്കുന്നതിനായി തങ്ങളുടേതായ രീതിയിലുള്ള തന്ത്രങ്ങള്‍ അവരും പയറ്റിയിട്ടുണ്ട്. അത് സൗജന്യങ്ങളോ അല്ലെങ്കില്‍ മദ്രസാ ബോര്‍ഡ് സ്ഥാപനവല്‍ക്കരിക്കലോ അല്ലെങ്കില്‍ മുസീം മത പഠനത്തിനു വേണ്ടി മാത്രമായുള്ള സര്‍വകലാശാല അനുവദിക്കലോ ഒക്കെയായിരുന്നു എന്നുമാത്രം. തങ്ങളുടെ അധികാര കാലയളവിൻ്റെ അവസാന ഘട്ടത്തില്‍ മുസീംങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള താല്‍പര്യവും സിപിഐഎം പ്രഖ്യാപിച്ചുവെങ്കിലും അതൊരിക്കലും അവര്‍ക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പ് അവര്‍ ഭരണത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ മുസ്ലീം വോട്ടര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കുമെന്നുള്ള പ്രതീക്ഷ മൂലം ഒരു പാര്‍ട്ടിക്കും അവരെ അവഗണിക്കുവാന്‍ കഴിയുകയില്ല എന്നതാണ് സത്യം.
എന്നാല്‍ 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വ്യത്യസ്‌തമായ ഒരു കാര്‍ഡാണ് ഇറക്കി കളിച്ചത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തെപ്പോലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പില്‍ മുന്‍പൊരിക്കലും വോട്ടര്‍മാരുടെ ധ്രുവീകരണം ഇത്ര വലിയ തോതില്‍ സംഭവിച്ചിട്ടില്ല. 2001-ലേയും 2006-ലേയും തെരഞ്ഞെടുപ്പുകളില്‍ ബിജെപി കളിക്കളത്തിൻ്റെ പാര്‍ശ്വവേലിയില്‍ ഇരുന്ന് കളി നോക്കി കാണുന്ന ഒരു സ്ഥിതിയിലായിരുന്നു. 1998-ലും 1999-ലും അതിനു ശേഷം 2004-ലെ പൊതു തെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഒരു ചെറിയ സഖ്യകക്ഷി എന്ന നിലയില്‍ ആയിരുന്നു ബിജെപി ഉണ്ടായിരുന്നത് എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴേക്കും മമത കോണ്‍ഗ്രസിനെ തൻ്റെ സഖ്യകക്ഷിയാക്കി മാറ്റി. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഒടുവില്‍ ഇടതുപക്ഷ മുന്നണിയെ തോല്‍പ്പിക്കുവാന്‍ മമതക്ക് കഴിഞ്ഞുവെങ്കിലും അപ്പോഴും ബിജെപിയെ അല്ല കോണ്‍ഗ്രസിനെയാണ് അവര്‍ കൂടെ കൂട്ടിയത്. അന്നത്തെ തെരഞ്ഞെടുപ്പില്‍ വെറും 4.1 ശതമാനം വോട്ട് പങ്കാളിത്തം മാത്രമാണ് കാവി പാര്‍ട്ടിക്ക് നേടിയെടുക്കുവാന്‍ കഴിഞ്ഞത്.
2016-ല്‍ മമത ഒറ്റക്ക് മത്സരിക്കുകയും വീണ്ടും ഇടതുപക്ഷ മുന്നണി-കോണ്‍ഗ്രസ് സഖ്യത്തേയും ബിജെപി യേയും പിറകിലാക്കി കൊണ്ട് വിജയം വരിച്ച് ഭരണം കൈയ്യിലാക്കുകയും ചെയ്തു. എന്നാല്‍ ബിജെപി ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഇപ്പോള്‍ അവര്‍ക്ക് സംസ്ഥാനത്ത് 10 ശതമാനം വോട്ട് പങ്കാളിത്തമുണ്ട്. 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ട് പങ്കാളിത്തം നേടിയെടുത്തുകൊണ്ട് ബംഗാളിലെ മുഖ്യ പ്രതിപക്ഷമായി മാറി ബി ജെ പി ഏവരേയും ഞെട്ടിക്കുകയും ചെയ്‌തു.
എന്നാല്‍ അതൊരു ജനപ്രിയ വോട്ട് മാത്രമായിരുന്നുവോ? ഇടതുപക്ഷ മുന്നണിയുടെ വോട്ട് പങ്കാളിത്തം 27 ശതമാനത്തില്‍ നിന്നും 7.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതു കൊണ്ടായിരുന്നുവോ അത് സംഭവിച്ചത്? അല്ലെങ്കില്‍ കോണ്‍ഗ്രസിൻ്റെ വോട്ട് പങ്കാളിത്തം ഏഴ് ശതമാനം കുറഞ്ഞതുകൊണ്ടോ തൃണമൂലിൻ്റെ വോട്ട് ശതമാനം രണ്ട് ശതമാനം കുറഞ്ഞതുകൊണ്ടോ ആയിരുന്നോ അത് സംഭവിച്ചത്?
ഹിന്ദുക്കളുടെയും, ഹിന്ദു കുടിയേറ്റക്കാരുടേയും വോട്ടുകളില്‍ വിജയകരമാംവിധം ശ്രദ്ധയൂന്നുവാന്‍ ബിജെപിക്ക് കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് ഈ വിജയം വരിക്കാന്‍ കഴിഞ്ഞത്. ഇത്തരം ഒരു ധ്രുവീകരണം നേടിയെടുത്തതോടെ ബിജെപിക്ക് അനുകൂലമായി മറ്റൊന്നുകൂടി സംഭവിച്ചു. 2016-നും 2019-നും ഇടയില്‍ ഇടതുപക്ഷ മുന്നണിയുടെ വോട്ടര്‍മാര്‍ കൂട്ടത്തോടെ കാവി പാര്‍ട്ടിയിലേക്ക് ചുവടുമാറി. ഒരു ഏകദേശ കണക്കു പ്രകാരം ഏതാണ്ട് ഒരു കോടിയോളം ഇടതുപക്ഷ വോട്ടര്‍മാര്‍ ബിജെപിയിലേക്ക് ചേക്കേറി എന്ന അതിശയിപ്പിക്കുന്ന നേട്ടമാണ് ബിജെപി നേടിയെടുത്തത്. ഇതിൻ്റെയൊക്കെ ഫലമായി 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടികൊണ്ട് 18 സീറ്റുകള്‍ ബിജെപി പശ്ചിമ ബംഗാളില്‍ നേടിയെടുത്തു. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം നടന്നതിനോടൊപ്പം തന്നെ, പശ്ചിമ ബംഗാളില്‍ മുസ്ലീം ന്യൂനപക്ഷം ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ല എന്നുള്ള മിഥ്യാ ധാരണയും പൊളിഞ്ഞുവീണു. 2019-ല്‍ മുസ്ലീംങ്ങളിലെ ഭൂരിപക്ഷത്തിൻ്റെയും വോട്ടുകള്‍ ബിജെപി നേടിയെടുത്തു എന്ന വാദം സംബന്ധിച്ച് ഒരു സംവാദത്തിന് തീര്‍ച്ചയായും ഇടമുണ്ട്. അതോ ഇടതുപക്ഷത്തിൻ്റെയും കോണ്‍ഗ്രസിൻ്റെയും കൈപിടിയില്‍ തന്നെ ഒതുങ്ങി നില്‍ക്കുകയാണോ മുസ്ലീം വോട്ടുകള്‍ എന്നും ചോദ്യം ഉയരാം? ഏതായാലും കണക്കുകളയിൽ അത് തീര്‍ചയായും പ്രതിഫലിച്ചു കാണുക തന്നെ ചെയ്യും.
ദക്ഷിണ മാള്‍ഡ ലോക്‌സഭ മണ്ഡലത്തില്‍ 64 ശതമാനം മുസ്ലീം വോട്ടുകളുണ്ട്. 2019-ലെ മത്സരഫലം കാട്ടി തരുന്നത് കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് 444270 വോട്ടുകളും (34.73 ശതമാനം) തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് 351353 വോട്ടുകളും (27.47 ശതമാനം) ലഭിച്ചു എന്നാണ്. ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ 436048 ആയിരുന്നു. അതായത് 34.09 ശതമാനം. ജംഗിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ മുസ്ലീം വോട്ടര്‍മാരുടെ എണ്ണം ഏതാണ്ട് 82 ശതമാനത്തോളം വരും. ഇവിടേയും ബിജ പി സ്ഥാനാർഥി 24.3 ശതമാനം വോട്ട് പങ്കാളിത്തം നേടി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് 43.15 ശതമാനവും കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് 19.61 ശതമാനവും വോട്ടുകളാണ് നേടിയെടുക്കാന്‍ കഴിഞ്ഞത്.
ഈ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലേയും കണക്കുകള്‍ ധാരാളമാണ് മുസ്ലീം വോട്ടുകള്‍ എങ്ങിനയൊക്കൊ ധ്രുവീകരിക്കപ്പെട്ടു എന്ന് മനസിലാക്കുന്നതിന്. യഥാർഥത്തില്‍ 2011-ലെ കാനേഷുമാരിയും അതിനു ശേഷമുള്ള കണക്കുകളും വെച്ചുനോക്കുമ്പോള്‍ ഏതാണ്ട് 102 നിയമസഭ മണ്ഡലങ്ങളിലെ ഫലങ്ങളില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിവുണ്ട് പശ്ചിമ ബംഗാളിലെ 30 ശതമാനത്തിലധികം വരുന്ന മുസ്ലീം ജനസംഖ്യക്ക്. ഒരു ഏകദേശ കണക്കില്‍ പറഞ്ഞാല്‍ മൊത്തം നിയമസഭയുടെ ഏതാണ്ട് 35 ശതമാനം സീറ്റുകളില്‍ എന്നു പറയാം.
2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ നല്ല നേട്ടങ്ങള്‍ രുചിച്ചതോടെ ഹിന്ദു വോട്ടുകളില്‍ മാത്രമായി ഇനി ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് പറയുവാന്‍ കഴിയുകയില്ല. “മതേതര'' മമതാ ബാനര്‍ജിക്കെതിരെ പോരാടുവാനുള്ള സ്വാഗതാര്‍ഹമായ ഒരു കരുത്താണ് മുസ്ലീം വോട്ടര്‍മാരില്‍ നല്ലൊരു ഭാഗം തങ്ങളേയും പിന്തുണക്കുന്നുണ്ട് എന്നുള്ള അറിവ് ബിജെപിക്ക് നല്‍കുന്നത്.
എഐഎംഐഎം തങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ളത് തേടിയിറങ്ങുകയും, വലിയ തോതില്‍ സ്വാധീനമുള്ള ഫര്‍ഫറാ ഷെരീഫിലെ പീര്‍സാദമാരെ തനിക്ക് പുറകില്‍ അണിനിരത്തുവാന്‍ അബ്ബാസ് സിദ്ദിഖിയും തയാറെടുക്കുമ്പോള്‍ വോട്ട് ബാങ്കുകള്‍ എന്നുള്ള വാല്‍ മുറിച്ചു കളയുവാന്‍ ഇപ്പോള്‍ പശ്ചിമ ബംഗാളിലെ മുസ്ലീം ജനത തയാറായി കഴിഞ്ഞിരിക്കുന്നു. ഈ അനിവാര്യത സ്വീകരിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകുമോ? അങ്ങനെ വോട്ട് ബാങ്കുകള്‍ എന്ന നിലയിലല്ല വെറും വോട്ടര്‍മാര്‍ എന്ന നിലയില്‍ മുസ്ലീംകളെ കാണുവാന്‍ അവര്‍ തയാറാകുമോ? 2021-ലെ ബംഗാള്‍ തെരഞ്ഞെടുപ്പിലെ സമവാക്യങ്ങള്‍ നാള്‍ക്കുനാള്‍ കൂടുതല്‍ ആകര്‍ഷകമായി മാറികൊണ്ടിരിക്കുകയാണ്.