കൊല്‍ക്കത്ത: ലോക്ക് ഡൗണിനിടെ വിദേശങ്ങളില്‍ കുടുങ്ങിയവരെ സ്വീകരിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍. ആളുകളെ നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാനത്തിന് വിമാനങ്ങള്‍ അനുവദിക്കാത്തതിന്‍റെ പേരില്‍ കേന്ദ്രവുമായി സര്‍ക്കാരിന് അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. സംസ്ഥാനം പ്രവാസികള്‍ക്കായി നടപ്പിലാക്കിയ ക്വാറന്‍റൈയിന്‍ ക്രമീകരണങ്ങളടക്കം കേന്ദ്രത്തെ നേരത്തെ അറിയിച്ചിരുന്നുവെന്നും വിമാനങ്ങള്‍ക്കായി കാത്തു നില്‍ക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‌തു.
വിദേശത്ത് കുടുങ്ങിയവരെ സ്വദേശങ്ങളിലെത്തിക്കുന്നതിനായി വിമാനങ്ങള്‍ അനുവദിക്കുന്നതില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വേര്‍തിരിവ് കല്‍പിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ രംഗത്തെത്തി. സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നില്ലെന്നും വന്ദേ ഭാരത് മിഷന്‍ വിവിധയിടങ്ങളില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണെന്നും അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.