ന്യൂഡൽഹി: രാജ്യത്ത് 27 ഇന കീടനാശിനികൾ നിരോധിച്ചതുമായി ബന്ധപ്പെട്ട ഉന്നത ശാസ്ത്രീയ കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് പെസ്റ്റിസൈഡ് മാനുഫാക്ചറേഴ്സ് ആന്‍ഡ് ഫോര്‍മുലേറ്റര്‍സ് അസോസിയേഷന്‍(പിഎംഎഫ്എഐ) രംഗത്ത്. ഡോ.അനുപം വർമ കമ്മിറ്റിയുടെ വസ്തുനിഷ്ഠമല്ലാത്ത വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അസോസിയേഷൻ ആരോപിച്ചു.
ഖാരിഫ് സീസണിൽ വെട്ടുക്കിളിയോടും ലോക്ക് ഡൗൺ പ്രതിസന്ധിയോടും പോരാടുന്ന കർഷകരിൽ ഈ നിരോധനമുണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതത്തെക്കുറിച്ചും പിഎംഎഫ്എഐ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരമൊരു നടപടി ഇന്ത്യയുടെ ആഭ്യന്തര, കയറ്റുമതി വിപണികളെ തളർത്തും. ചൈനീസ് വിപണിയെ ശക്തിപ്പെടുത്താൻ സഹായിക്കും. 1970 മുതൽ ഇന്ത്യയിൽ ഇത്തരം കീടനാശിനികൾ മനുഷ്യരെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കാതെ ഉപയോഗിച്ചിരുന്നതായും പിഎംഎഫ്എഐ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സമീപകാല വെട്ടുക്കിളി ആക്രമണത്തിൽ സർക്കാർ വ്യാപകമായി മാലത്തിയോൺ എന്ന കീടനാശിനി ഫലപ്രദമായി ഉപയോഗിച്ചിരുന്നു. നിരോധനം നടപ്പാക്കുന്നത് കർഷകരുടെ ചെലവ് വർധിപ്പിക്കും. കയറ്റുമതി നിർത്താൻ ഇന്ത്യയെ പ്രേരിപ്പിക്കും. ഇത് ഇന്ത്യൻ ജനറിക് കീടനാശിനി വ്യവസായത്തിന്‍റെ നട്ടെല്ല് തകർക്കുമെന്നും അസോസിയേഷൻ അറിയിച്ചു.