ജയ്‌പൂർ: രാജസ്ഥാനിലെ ഖജുവാലയിൽ നിന്നും പാകിസ്ഥാൻ പതാക മുദ്ര ചെയ്‌ത ബലൂൺ കണ്ടെത്തി. ബിക്കാനീർ ജില്ലയിലെ ഖജുവാലയിലെ വയലിൽ നിന്നാണ് ബലൂൺ കണ്ടെത്തിയത്. "ആസാദി മുബാറക്ക്"എന്നും ബലൂണിൽ എഴുതിയിട്ടുണ്ട്. പ്രദേശത്തെ കർഷകൻ ബലൂൺ കാണുകയും തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ബലൂൺ നിലവിൽ ഖജുവാല പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
സംഭവത്തിൽ ഇന്‍റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. മുമ്പും ഇത്തരത്തിൽ പാകിസ്ഥാൻ മുദ്രയുള്ള ബലൂൺ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഖജുവാല.