ന്യൂഡല്‍ഹി : 132 വര്‍ഷത്തിന് ശേഷം അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമിയില്‍ മുസ്‌ലിങ്ങള്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. പള്ളി നിലനിന്നിരുന്നു എന്ന് തെളിയിക്കാന്‍ വഖഫ് ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്കാണ്. അതേസമയം പള്ളി നിര്‍മിക്കാന്‍ മുസ്‌ലിങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം ഇത് നടപ്പാക്കാന്‍ ആവശ്യമായ പദ്ധതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്‌ഠമായാണ് കേസില്‍ തീരുമാനമെടുത്തത്. 10.30 നാണ് വിധി വായന ആരംഭിച്ചത്. അരമണിക്കൂറെടുത്താണ് വിധിയിലെ പ്രസക്‌ത ഭാഗങ്ങള്‍ ചീഫ് ജസ്‌റ്റിസ് കോടതിയില്‍ വായിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വവും തുല്യതയും ഉറപ്പുവരുത്താന്‍ കോടതിക്ക് ബാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, ഭക്‌തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാനാകില്ലെന്നും അഭിപ്രായപ്പെട്ടു.
രാമജന്മഭൂമിക്ക് നിയമവ്യക്‌തിത്വമുണ്ടെന്ന നിർമോഹി അഖാഡയുടെ ഹര്‍ജി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്‌തമാക്കി. തര്‍ക്ക ഭൂമിയിലെ മൂന്നിലൊന്ന് ഭാഗത്തിന്‍റെ ഉടമസ്ഥത നിർമോഹി അഖാഡയ്‌ക്ക് നല്‍കണമെന്നഅലഹാബാദ് ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ശ്രീരാമന് നിയമവ്യക്‌തിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തര്‍ക്ക പ്രദേശത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന പുരാവസ്തുവകുപ്പിന്‍റെ കണ്ടെത്തല്‍ തള്ളിക്കളയാനാകില്ല. തര്‍ക്കഭൂമിയിലാണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കളുടെ വിശ്വാസത്തിന് തെളിവുണ്ട്. രാം ചബൂത്രയിലും, സീതാരസോയിലും ഹിന്ദുക്കള്‍ പൂജ നടത്തിയതിന് തെളിവുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്
നാല്‍പ്പത് ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് അന്തിമ വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ്, ജസ്‌റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടന ബഞ്ചാണ് അയോധ്യ കേസ് പരിഗണിച്ചത്.