അയോധ്യ: 69 ഏക്കറില്‍ ലോകത്തെ മൂന്നാമത്തെ വലിയ ക്ഷേത്രമാണ് സരയൂനദിക്കരയില്‍ ഉയരാൻ പോകുന്നത്. മൂന്ന് നിലകളിലായി 280 അടി വീതിയും 300 അടി നീളവുമുള്ള ക്ഷേത്രം 161 അടി ഉയരത്തിലാണ് നിര്‍മിക്കുന്നത്. 15 അടി താഴ്‌ചയിലാണ് അടിസ്ഥാനം നിര്‍മിക്കുന്നത്. രണ്ട് അടി വീതിയില്‍ എട്ട് ലെയറുകളായാണ് തറയൊരുക്കുക. ഉയര്‍ന്ന് നില്‍ക്കുന്ന അഞ്ച് താഴികക്കുടങ്ങള്‍ ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷങ്ങളിലൊന്നാകും.
മൂന്ന് നിലകളുടെ ക്ഷേത്രത്തെ 318 തൂണുകളിലായാണ് ഉറപ്പിച്ച് നിര്‍ത്തുന്നത്. ഓരോ നിലയിലും 106 പില്ലറുകള്‍ വീതമുണ്ടാകും. താഴത്തെ നിലയിലാണ് നവരത്നങ്ങളണിയിച്ച പ്രധാന വിഗ്രഹം സ്ഥാപിക്കുക. ഹനുമാന്‍റെയും കൃഷ്‌ണന്‍റെയും വിഗ്രങ്ങളും ക്ഷേത്രത്തില്‍ സ്ഥാപിക്കും. എന്നാല്‍ അവ എവിടെ വേണമെന്നതില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല. വിശ്വാസികള്‍ക്കിരുന്ന് പ്രാര്‍ഥിക്കാന്‍ പ്രത്യേക സ്ഥലങ്ങളും പുതിയ നിര്‍മിതിയിലുണ്ടാകും.
അഞ്ച് പ്രവേശന കവാടങ്ങളാണ് രാമക്ഷേത്രത്തിനുണ്ടാവുക. സിങ് ദ്വാര്‍, നൃത്ത മണ്ഡപ്, പൂജാ മുറി, ഒപ്പം ഏറ്റവും പ്രധാനപ്പെട്ട ഗര്‍ഭ ഗൃഹയും. ക്ഷേത്ര നിര്‍മാണത്തിന്‍റെ വിവരങ്ങളടങ്ങിയ ഫലകം ക്ഷേത്രം നിര്‍മിക്കുന്ന ഭൂമിയുടെ രണ്ടായിരം അടി താഴ്‌ചയില്‍ കുഴിച്ചിടും. നിര്‍മാണം പൂര്‍ത്തിയാകാൻ പത്ത് വര്‍ഷമെങ്കിലും വേണമെന്നാണ് കണക്ക് കൂട്ടല്‍. എന്നിരുന്നാലും ആദ്യ ഘട്ട നിര്‍മാണം മൂന്ന് വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.