അയോധ്യ: രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിന് മുന്നോടിയായി അയോധ്യയിലെ എല്ലാ തെരുവുകളും ദീപാലങ്കൃതമാക്കി. രാമ ഭൂമി പൂജ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ടാതിഥികളും ഇന്ന് എത്തുന്ന ക്ഷേത്രനഗരത്തിലെ 'ദീപോത്സവ' ആഘോഷത്തിന്‍റെ ഭാഗമായി ആളുകൾ സരിയു നദിയുടെ തീരത്ത് മൺവിളക്കുകൾ കത്തിച്ചു. രാമ ജന്മ ഭൂമിയിൽ 11,000 വിളക്കുകൾ കത്തിക്കുമെന്നും അയോധ്യയിലെ എല്ലാ വീടുകളും ക്ഷേത്രങ്ങളും ദീപാലങ്കൃതമാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഓഗസ്റ്റ് 4, 5 തിയതികളിൽ രാത്രി 'ദീപോത്സവം' (വിളക്കുകളുടെ ഉത്സവം) ആഘോഷിക്കും.
രാമക്ഷേത്രത്തിൽ ഭൂമി പൂജയ്ക്ക് മുമ്പ് ഹനുമംഗരിയിലും ശ്രീ രാംലാല വിരാജ്മാനിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തും. ശിലാസ്ഥാപനത്തിന്‍റെ അടയാളമായി അദ്ദേഹം ഒരു ഫലകം അനാച്ഛാദനം ചെയ്യും, കൂടാതെ 'ശ്രീരാം ജന്മഭൂമി മന്ദിർ' എന്ന സ്മാരക തപാൽ സ്റ്റാമ്പും പുറത്തിറക്കും.