ചണ്ഡിഗഡ്: ഡൽഹി ചലോ കർഷക പ്രതിഷേധ മാർച്ചിന് മുന്നോടിയായി ഹരിയാന-പഞ്ചാബ് അതിർത്തിയിൽ അധികൃതർ ബാരിക്കേഡുകൾ സ്ഥാപിച്ചു. സംസ്ഥാനത്തേക്ക് കർഷകരുടെ പ്രവേശനം തടയാൻ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഖാനൗരി അന്തർ സംസ്ഥാന അതിർത്തിയിൽ ഗതാഗതം വഴിതിരിച്ചു വിട്ടതായി പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, അതിർത്തി അടച്ചത് ചരക്ക് നീക്കത്തെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
പഞ്ചാബിലെ കർഷകരെ ഹരിയാനയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ പൊലീസ് അതിർത്തിയിൽ ജലപീരങ്കികളും സ്ഥാപിച്ചിട്ടുണ്ട്. നവംബർ 26 മുതൽ രണ്ട് ദിവസത്തേക്ക് അന്തർ സംസ്ഥാന അതിർത്തി അടച്ചിടുമെന്ന് ഹരിയാന പൊലീസിന്‍റെ അംബാല റേഞ്ച് ഐജി വൈ. പുരൻ കുമാർ വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന് ആവശ്യമായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സിർസ, കുരുക്ഷേത്ര, ജിന്ദ് ജില്ലകൾ ഉൾപ്പെടെ പഞ്ചാബുമായുള്ള അന്തർ സംസ്ഥാന അതിർത്തി പങ്കിടുന്ന മറ്റ് സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.