ന്യൂഡൽഹി: കഴിഞ്ഞ 44 വർഷത്തിനിടെ ഈ വർഷം ഓഗസ്റ്റിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായതായും കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 28 വരെ 25 ശതമാനം അധിക മഴ ലഭിച്ചു. 1983 ഓഗസ്റ്റിലെ 23.8 ശതമാനം അധിക മഴയേക്കാൾ ഉയർന്ന അളവാണ് ഇപ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുൻപ് 1976 ഓഗസ്റ്റിൽ രാജ്യത്ത് 28.4 ശതമാനം അധിക മഴ ലഭിച്ചിരുന്നതായും കണക്കുകൾ പറയുന്നു. ഇതുവരെ ഇന്ത്യയിൽ ലഭിക്കുന്ന സാധാരണ മഴയേക്കാൾ ഒമ്പത് ശതമാനം കൂടുതൽ അളവിലായിരുന്നു ഈ വർഷത്തെ മൺസൂൺ. ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഗുജറാത്ത്, ഗോവ, എന്നിവിടങ്ങളിൽ അധിക മഴ രേഖപ്പെടുത്തിയപ്പോൾ സിക്കിമിലാണ് ഏറ്റവുമധികം മഴ ലഭിച്ചതായി റിപ്പോർട്ടുകൾ വിശദമാക്കുന്നത്.
പല സംസ്ഥാനങ്ങളിലും കനത്ത മഴയിൽ നദികൾ നിറഞ്ഞൊഴുകിയതോടെ വെള്ളപ്പൊക്കമുണ്ടായി. അതിനാല്‍ മുൻ വർഷങ്ങളെ അപേക്ഷിച്ച് ജലസംഭരണശേഷി മെച്ചപ്പെട്ടതായി കേന്ദ്ര ജല കമ്മിഷൻ (സിഡബ്ല്യുസി) അറിയിച്ചു. ഗംഗ, നർമദ, ടാപ്പി, മാഹി, സബർമതി തുടങ്ങിയ നദികളിൽ നിന്നും ദക്ഷിണ ഇന്ത്യയിലെ പ്രധാന നദികളിൽ നിന്നും സാധാരണ അളവിനേക്കാൾ മികച്ച സംഭരണം ലഭിച്ചു.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ, മണിപ്പൂർ, മിസോറം, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഈ വർഷം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഇവിടങ്ങളിൽ ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷം. ജൂൺ മാസത്തിൽ 17 ശതമാനം കൂടുതൽ മഴ ലഭിച്ചപ്പോൾ ജൂലൈയിൽ ഇവിടെ സാധാരണയുള്ളതിനേക്കാൾ 10 ശതമാനം കുറവ് മഴയാണ് ഉണ്ടായിരുന്നത്. തെക്കു- പടിഞ്ഞാറൻ മൺസൂണിന്‍റെ രണ്ടാം പകുതിയിൽ (ഓഗസ്റ്റ്-സെപ്‌തംബർ) ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ പ്രതിവർഷ മഴയുടെ 104 ശതമാനം മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു.