ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള സാധാരണ നില പുന:സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളെ മാനിക്കണമെന്നും കൂടാതെ യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമം അംഗീകരിക്കില്ലയെന്നും വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ. സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യയും കോവിഡാനന്തര ലോകവും" എന്ന വിഷയത്തിൽ സംസാരിച്ച വിദേശകാര്യ മന്ത്രി കൊവിഡ് 19 ന്‍റെ വരവോടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സമ്മർദ്ദത്തിലായെന്നും പരസ്പര ബഹുമാനം അടിസ്ഥാനമാക്കിയുള്ള സുസ്ഥിരമായ ഇടപെടലാണ് ഇരുവർക്കും നല്ലതെന്നും ഉഭയകക്ഷി ബന്ധത്തിന് അടിസ്ഥാനമായ ധാരണകളിലെ മാറ്റങ്ങളിൽ നിന്ന് ആർക്കും ഒഴിഞ്ഞുനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ഉയർച്ചയും അമേരിക്കയുടെ സ്ഥാനം മാറുന്നതും ഇന്ന് വളരെ പ്രസക്തിയുള്ളതാണ്. രാഷ്ട്രീയ സ്വാധീനം സൈനിക ശക്തിയെ ആശ്രയിക്കുന്നില്ലയെന്നും, പകരം ധനം, വ്യാപാരം, പരസ്പരബന്ധം, ഡാറ്റ, സാങ്കേതികവിദ്യ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിലേക്ക് മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.