മുംബൈ: മുംബൈ അടിസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമ വ്യവസായത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി ശിവസേന. നിലവിൽ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ നിരവധി പേരെ ചോദ്യം ചെയ്യുകയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം നടത്തുകയും ചെയ്‌തതിന്‍റെ പശ്ചാത്തലത്തിലാണ് ശിവസേനയുടെ പ്രഖ്യാപനം. പാർട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും രാഷ്ട്രീയ നേതാക്കൾ കാലാകാലങ്ങളായി അവരുടെ ആവശ്യാനുസരണം ഹിന്ദി ചലച്ചിത്ര മേഖലയിലെ താരങ്ങളെ ഉപയോഗിക്കുകയാണെന്നും സാമ്‌നയിൽ സേന പറഞ്ഞു.
സാറ അലിഖാൻ ഉൾപ്പെടെ പ്രമുഖരായ നിരവധി ബോളിവുഡ് താരങ്ങളെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി ഇതിനോടകം ചോദ്യം ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചില സംസ്ഥാന നേതാക്കളും ഈ സിനിമ മേഖലയിലെ കലാകാരന്മാരെ തങ്ങളുടെ രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കുകയാണെന്നും മുഖപത്രത്തിൽ ആരോപിച്ചു. കൂടാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപിയിൽ പുതിയ സിനിമ മേഖല നിർമിക്കാനുള്ള പ്രഖ്യാപനം നടത്തിയതും സാമ്‌നയിൽ ശിവസേന പ്രതിപാദിച്ചു. പ്രഖ്യാപനം നടത്തുന്ന അത്ര എളുപ്പമല്ല നടപ്പിലാക്കലെന്നും സാമ്‌നയിൽ കൂട്ടിച്ചേർത്തു.