ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മൂന്ന് സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ ഒരു സീറ്റിലേക്കുമുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് നവംബർ 25 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ സംസ്ഥാനങ്ങളിലെ സർക്കാരിന്‍റെ അഭ്യർത്ഥന മാനിച്ച് ഇരു സംസ്ഥാനങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കുകയായിരുന്നു. നവംബർ 25 ന് വോട്ടെടുപ്പും നവംബർ 28 ന് വോട്ടെണ്ണലും നടക്കുമെന്നാണ് കമ്മീഷൻ അറിയിച്ചത്.
ഒക്ടോബർ 21 നാണ് 51 നിയമസഭാ സീറ്റുകളിലേക്കും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേ സമയം, എംഎൽഎമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കർണാടകയിലെ 15 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിനാവും നടത്തുക. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.