ദിസ്‌പൂര്‍: മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് 2020 ജനുവരി 10ന് ഗുവാഹത്തിയില്‍ തുടക്കമാകും. ആതിഥേയത്വം വഹിക്കാനുള്ള എല്ലാ തയാറെടുപ്പുകളും അസമില്‍ പൂര്‍ത്തിയായി. പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കും. 451 ഇനങ്ങളിലായി പതിനായിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുക്കും.
20 ഇനങ്ങളിലാണ് അസമില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ മത്സരിക്കുന്നത്. അതിനായി അസിമിലെ വിവിധ ഇടങ്ങളില്‍ പരിശീലന ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. ഖേലോ ഇന്ത്യ പോലെയുള്ള കായിക പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ അംഗീകാരമാണെന്നും പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ അവസരം നല്‍കിയ കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിക്കുന്നെന്നും ദേശീയ സ്പ്രിന്‍റര്‍ താരം ഹിമ ദാസിന്‍റെ പരിശീലകന്‍ നിപ്പോണ്‍ ദാസ് പറഞ്ഞു.
കായികരംഗത്ത് അസം സർക്കാർ അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തുന്നത്. അസം ടീം ഗെയിംസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച് കൂടുതൽ മെഡലുകൾ നേടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22 ന് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് സമാപിക്കും.