ഗുവഹത്തി: അസം പ്രളയത്തെ തുടർന്ന് മൂന്ന് ജില്ലകൾ വെള്ളത്തിൽ തന്നെ തുടരുന്നു. അസമിലെ ധേമാജി, ബക്‌സ, മോറിഗാവ് ജില്ലകളാണ് വെള്ളത്തിൽ തുടരുന്നത്. മൂന്ന് ജില്ലകളിലായി 14,205 പേരാണ് ദുരിതത്തിൽ കഴിയുന്നത്. 7,009 ഹെക്ടർ ഭൂമിയിൽ പ്രളയം ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ടിൽ പറയുന്നു.
ധേമാജിയിൽ 12,908 പേരും ബക്‌സയിൽ 1,000 പേരും മോറിഗാവിൽ 297 പേരുമാണ് ദുരിതത്തിൽ കഴിയുന്നത്. സംസ്ഥാനത്ത് ഉടനീളം പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 136 പേർ മരിച്ചിട്ടുണ്ട്. പ്രളയത്തെ തുടർന്ന് 110 പേരും മണ്ണിടിച്ചിലിൽ 26 പേരുമാണ് മരിച്ചത്. നിലവിൽ ധേമാജിയിലെ 81 ഗ്രാമങ്ങളോളം വെള്ളത്തിനടിയിലാണ്. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞാണ് പല ഗ്രാമങ്ങളിലും ഒഴുകുന്നത്.