ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. നിലവിൽ സംസ്ഥാനത്തെ 21 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. മോറിഗാവ്, ഗോൾപാറ, ബാർപേട്ട, ധേമാജി എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചത്.
സംസ്ഥാനത്തെ 1,03,609,71 ഹെക്ടർ വിളനിലങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയത്. ഡാരംഗ്, ഗോൾപാറ ജില്ലകളിലെ വിളനിലങ്ങളെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചത്. 19,81,801 പേരാണ് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 104 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്.
കാസിരംഗ, മനസ്, ആർജി ഒറാങ്ങ് ദേശീയ ഉദ്യാനത്തിന്‍റെ വിവിധ ഭാഗങ്ങൾ, പബിറ്റോറ, ബുർഹാസപോരി വന്യജീവി സങ്കേതം തുടങ്ങിയ ഇടങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജോർഹട്ട്, തേജ്പൂർ, ഗോൾപാറ, ധുബ്രി എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി കരകവിഞ്ഞു. ബ്രഹ്മപുത്രയുടെ ചില പോഷകനദികളും കരകവിഞ്ഞ് ഒഴുകുന്നുണ്ട്.