ടിൻസുകിയ: അസമിലെ ടിൻസുകിയ ജില്ലയിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്‍റെ എണ്ണക്കിണറില്‍ തീ പടരുന്നു. പ്രദേശം അസം വാണിജ്യമന്ത്രി ചന്ദ്ര മോഹൻ പട്ടോവറി ബുധനാഴ്ച സന്ദർശിച്ചു. തീപിടിത്തം 7,000 പേരെ ബാധിച്ചെന്നും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ അഗ്നിബാധ നിയന്ത്രണത്തിലാകാൻ കുറഞ്ഞത് 21 ദിവസമെങ്കിലും എടുക്കുമെന്നും മന്ത്രി പറഞ്ഞു.
തീപിടിത്തത്തെ തുടർന്ന് 1,610 കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റുകയും നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ തുറക്കുകയും ചെയ്തു. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ നിർദേശങ്ങൾ പാലിക്കുക എന്നതാണ് വെല്ലുവിളിയായി തുടരുന്നത്.
ഗുവാഹത്തിയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബാഗ്ജാനിലെ എണ്ണ കിണറിൽ മെയ് 27 നാണ് പൊട്ടിത്തെറി ഉണ്ടായത്. തുടർന്ന് കഴിഞ്ഞ 15 ദിവസമായി വാതകം ചോർന്ന് കൊണ്ടിരിക്കുകാണ്. ഗ്യാസ് ചോർന്നതോടെ സമീപ പ്രദേശത്തെ തണ്ണീർത്തടങ്ങൾക്കും ജൈവവൈവിധ്യത്തിനും കനത്ത നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യോമസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.വാതക ചോർച്ചയുണ്ടായപ്പോൾ മുതൽ ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേന ഉദ്യോഗസ്ഥർ മരിച്ചു.