ദിസ്‌പൂർ: കൊവിഡ് പരിശോധനയില്‍ അസം കേരളത്തെ മറികടന്നെന്ന് അസം ആരോഗ്യ മന്ത്രി ഹിമന്ത ബിസ്വ ശർമ. കൊവിഡ് രോഗികളെ കണ്ടെത്തുന്നതിന് ഒരാഴ്‌ചക്കുള്ളില്‍ പ്രതിദിനം 10,000 പേരുടെ ശ്രവം പരിശോധിക്കുമെന്നും ജൂൺ 15ന് അകം രണ്ട് ലക്ഷം പേരെ പരിശോധിച്ച് ഇന്ത്യയില്‍ റെക്കോഡ് സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
70,000 സാമ്പിളുകൾ പരിശോധിച്ച കേരളത്തെ അസം മറികടന്നെന്നും കേരളത്തിന്‍റെ ആരോഗ്യ സംവിധാനങ്ങൾക്ക് 60 വർഷത്തെ പഴക്കവും അസമിന് മൂന്നോ നാലോ വർഷത്തെ പഴക്കവുമാണുള്ളത് എന്നും ഹിമന്ത് ബിസ്വ ശർമ പറഞ്ഞു. ഏഴ് ലാബുകളിലായി കഴിഞ്ഞ 90 ദിവസങ്ങൾക്കുള്ളില്‍ 1,00,483 പേരുടെ സാമ്പിളുകളാണ് അസമില്‍ പരിശോധിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
സ്വയം സുരക്ഷ പോലും കണക്കിലെടുക്കാതെ റെക്കോഡ് പരിശോധനകൾ നടത്തിയ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർ അവിശ്വസനീയമായി അവരുടെ ജോലി ചെയ്‌തെന്നും മന്ത്രി പറഞ്ഞു.
1272 പേർക്കാണ് ഇതുവരെ അസമില്‍ കൊവിഡ് സ്ഥിരീകരിച്ചതെങ്കിലും സംസ്ഥാനത്ത് ഇതുവരെ സമൂഹ വ്യാപനമുണ്ടായിട്ടില്ല. നിലവില്‍, 4232 കൊവിഡ് രോഗികളെ ഒരേ സമയം ചികിത്സിക്കാൻ സംസ്ഥാനത്തിന് കഴിയുമെന്നും ഹിമന്ത് ബിസ്വ ശർമ പറഞ്ഞു. കൊവിഡ് പരിശോധന ശേഷി വർധിപ്പിക്കുന്നതോടെ നിർബന്ധിത ക്വാറന്‍റൈന്‍ നാല് ദിവസമായും ഹോം ക്വാറന്‍റൈന്‍ പത്ത് ദിവസമായും കുറയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.