ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലകള്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ സന്ദര്‍ശിച്ചു. ബ്രഹ്മപുത്രയുടെ കൈവഴിയായ ജിയാദല്‍ നദിയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് വെള്ളപ്പൊക്കത്തില്‍ ഏറെ നാശനഷ്ടമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ധേമാജി ജില്ലയിലെ ഭുഗാവ് സന്ദർശിക്കുകയും ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. ദുരിതബാധിതരെ സന്ദര്‍ശിച്ച വിവരം ട്വീറ്റിലൂടെയാണ് മുഖ്യമന്ത്രി അറിയിച്ചത്.
തേജ്‌പൂര്‍, നീമാതിഘട്ട്, ഗോൾപാറ, ദുബ്രി, നുമലിഗ, ധൻസിരി, ജിയ ഭരളി, ധരംതുളിൽ, കോപിലി എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര നദി അപകടനിരപ്പിന് മുകളിലൂടെയാണ് ഒഴുകുന്നത്. ഗോലഘട്ട് ജില്ലയിലെ ബൊഖാക്കാട്ടിൽ ഒരാൾ കൂടി പ്രളയത്തില്‍ മരിച്ചതോടെ ജൂലൈ 28 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 104 ആയി. 5,305 ഗ്രാമങ്ങളിലെ 56,71,029 പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ 22 ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമുകളെ സംസ്ഥാനത്തെ എട്ട് സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.