ഫരീദാബാദ്: ആറാംഘട്ട വോട്ടെടുപ്പിനിടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പോളിങ് ഏജന്‍റ് ഗിരിരാജ് സിങിനെതിരെ വോട്ടർ രംഗത്ത്. ഹരിയാന ഫരീദാബാദിലെ പ്രിതാലയിലുള്ള പോളിങ് ബൂത്തിലാണ് സംഭവം നടന്നത്. താമര ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് പോളിങ് ഏജന്‍റായിരുന്ന ഗിരിരാജ് സിങ് തന്നോട് ആവശ്യപ്പെട്ടതായി വോട്ടർ ശോഭന മാധ്യമങ്ങളോട് പറഞ്ഞു.
അത് തന്‍റെ മാത്രം തെരഞ്ഞെടുപ്പാണെന്നും തനിക്ക് ഇഷ്ടമുള്ള പാർട്ടിക്ക് വോട്ട് രേഖപ്പെടുത്തുമെന്നും ഗിരിരാജ് സിങിനോട് പറഞ്ഞു. രോഗിയായ മകളെ ശുശ്രൂഷിക്കേണ്ടതിനാൽ ഉടൻ തന്നെ ബൂത്തിൽ നിന്നും മടങ്ങിയെന്നും ഇത് സംബന്ധിച്ച് ആർക്കും പരാതി നൽകിയിരുന്നില്ലെന്നും ശോഭന വ്യക്തമാക്കി. ബൂത്തിൽ വോട്ട് ചെയ്യാൻ സ്ത്രീകൾ എത്തുമ്പോൾ പോളിങ് ഏജന്‍റായ ഗിരിരാജ് സിങ് എഴുന്നേറ്റ് ചെന്ന് വോട്ടിങ് മെഷീൻ വെച്ചിരിക്കുന്ന കമ്പാർട്ട്മെന്‍റിൽ കയറി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സമൂഹമാധ്യമത്തിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഗിരിരാജ് സിങ്ങിനെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഗിരിരാജ് സിങിനു ജാമ്യം ലഭിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.
വോട്ടിങ് മെഷിനു സമീപത്തേക്കു ചെല്ലുന്നത് ചട്ടലംഘനമാണെന്നും കുറ്റകരമാണെന്നും തനിക്കറിയില്ലെന്നായിരുന്ന് ഗിരിരാജ് സിങ് വിശദീകരണം നൽകി. ഗ്രാമത്തിലെ സ്ത്രീകളിൽ ഭൂരിഭാഗം പേരും നിരക്ഷരാണ്. എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് താൻ അവർക്ക് കാണിച്ച് കൊടുക്കുകയായിരുന്നെന്ന്– ഗിരിരാജ് സിങ്ങ് പറഞ്ഞു. സംഭവത്തിൽ സോനൽ ഗുലാത്തിയെന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.