കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോൾ ജില്ലാ ആശുപത്രിയിൽ പ്രസവ ശേഷം സ്ത്രീ മരിച്ച സംഭവത്തിൽ അധികൃതരുടെ അശ്രദ്ധയെന്ന് ആരോപണം. മരിച്ച സ്ത്രീയുടെ ഭർത്താവ് രവി കുമാർ യാദവാണ് ആശുപത്രിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജൂൺ അഞ്ചിന് ഭാര്യയെ അസൻസോൾ ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കട്ടിലിൽ അഞ്ചോളം പേരെ കിടത്തിയിരുന്നതിനാൽ ചികിത്സ നൽകിയിരുന്നില്ല. സാമൂഹിക അകലത്തിനുള്ള മാനദണ്ഡങ്ങളൊന്നും ആശുപത്രി അധികൃതർ പാലിച്ചിരുന്നില്ലെന്നും യാദവ് പറയുന്നു.
ജൂൺ ആറിന് വന്ന ഡോക്ടർമാരിൽ ഒരാൾ സ്ത്രീയുടെ ചികിത്സയ്ക്ക് സമ്മതിക്കുകയും സിസേറിയൻ നിർദേശിക്കുകയും ചെയ്തു. ലേബർ റൂമിലേക്ക് കൊണ്ടുപോകുന്ന വഴി വീൽചെയറിലാണ് സ്ത്രീയുടെ പ്രസവം നടന്നത്. കഠിനമായ വേദനയെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണ് ഇവർ മരിച്ചതെന്നാണ് സൂചന. വേദനയുണ്ടെന്ന് അറിയിച്ചിട്ടും വേണ്ട രീതിയിൽ ശ്രദ്ധ നൽകാതിരുന്നതാണ് ഭാര്യയുടെ മരണത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.