ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിസയിൽ പാകിസ്ഥാനിലേക്ക് പോയ കശ്‌മീരിൽ നിന്നുള്ള നൂറോളം യുവാക്കളെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇവർ തിരിച്ചു വരാതിരിക്കുകയോ തിരിച്ചു വന്നശേഷം കാണാതാവുകയോ ചെയ്‌തിട്ടുണ്ട്, അല്ലെങ്കിൽ തീവ്രവാദ സംഘടനകളിൽ ചേർന്നോയെന്നും സംശയമുള്ളതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തതോടെ ഇത്തരം സംഭവങ്ങൾ കുറഞ്ഞുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെത്തുന്ന യുവാക്കളെ തീവ്രവാദ സംഘടനകൾ ഇന്ത്യൻ വിരുദ്ധ പ്രചാരണം നടത്താൻ പ്രലോഭിപ്പിക്കുകയോ പരിശീലനം നടത്തുകയോ ചെയ്യാറുണ്ട്. ഇത്തരം യുവാക്കളെ മടക്കിക്കൊണ്ട് വരുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ നിരവധി യുവാക്കൾ തങ്ങൾ തീവ്രവാദ സംഘടനകളിൽ ചേരാൻ നിർബന്ധിതരായതായി അറിയിച്ചിട്ടുണ്ട്. അത്തരം യുവാക്കൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കശ്‌മീരിൽ നിന്നുള്ള യുവാക്കളുടെ പാകിസ്ഥാൻ സന്ദർശനം തടയാൻ കഴിയില്ലെന്നും തങ്ങൾക്ക് കൂടുതൽ നിരീക്ഷണ സംഘത്തെ നിയോഗിക്കാൻ മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.