ന്യൂഡൽഹി: അതിർത്തി കടന്നുള്ള ആക്രമണത്തിന് പാകിസ്ഥാൻ സൈന്യം ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്, ജമ്മു കശ്മീരിൽ 3,000 സൈനികരെ കൂടി ഇന്ത്യൻ സൈന്യം വിന്യസിച്ചു. ഈ വർഷം, അതിർത്തി കടന്നുള്ള തീവ്രവാദം ശക്തമാക്കാൻ പാകിസ്ഥാൻ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
അതിർത്തി ഗ്രാമങ്ങളിൽ പാക് വെടിനിർത്തൽ നിയമലംഘനങ്ങൾ സ്ഥിരമാക്കിയിരിക്കുകയാണ്. എന്നാൽ ആക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ സൈന്യം പൂർണ സജ്ജമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കരസേനാ മേധാവി ലഡാക്കിൽ സന്ദർശനം നടത്തി. അദ്ദേഹം അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുകയും സൈനികരുടെ പ്രവർത്തന സന്നദ്ധതയെക്കുറിച്ച് അവലോകനം നടത്തുകയും ചെയ്തു. ശ്രീനഗറിൽ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ചൈനാർ കോർപ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ വിവരങ്ങൾ പങ്കുവെച്ചു.
കിഴക്കൻ ലഡാക്ക് മേഖലയിലെ ഭൂപ്രദേശങ്ങൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് പാകിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘനം വർദ്ധിപ്പിച്ചത്.