ബെംഗളൂരു: ലോക്‌ഡൗണ്‍ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതോടെ അവശ്യ സാധനങ്ങൾ ആളുകളിലേക്കെത്തിക്കാൻ ആപ്ലിക്കേഷനുമായി യുവാവ്. എസ്‌പര്‍ എന്ന സ്റ്റാർട്ട് അപ്പ് കമ്പനി ആരംഭിച്ച ആപ്പ് വികസിപ്പിച്ചത് ബെംഗളുരു സ്വദേശി കിരൺ ആന്‍റോയാണ്. 'നെയ്ബർഹുഡ് സപ്ലൈ' എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ വിതരണക്കാർക്കും ഉപയോക്താക്കൾക്കും പങ്കാളികളാകാം. ഇതിലൂടെ പരിസര പ്രദേശങ്ങളിൽ അവശ്യ സാധനങ്ങളുടെ ലഭ്യതയെ കുറിച്ച് ജനങ്ങൾക്ക് അറിയാൻ കഴിയും.
ഭക്ഷണം, മരുന്നുകൾ, ആരോഗ്യ സംരക്ഷണ വസ്‌തുക്കൾ, മാസ്‌ക്കുകൾ, സാനിറ്റൈസർ എന്നിവ പോലുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നവര്‍ക്ക് അവരുടെ പ്രദേശത്തെ കടകളുടെയും മറ്റും സംയുക്ത പങ്കാളിത്തമുള്ള വേദിയായി ആപ്പ് പ്രവർത്തിക്കുമെന്ന് കിരൺ പറഞ്ഞു. ഉത്‌പാദകര്‍ക്ക് സാധനങ്ങളുടെ ലഭ്യതയെ കുറിച്ച് ദിവസേന അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമെന്നതും അപ്പിന്‍റെ പ്രത്യേകതയാണ്. കർണാടക, കേരളം, ന്യൂഡൽഹി എന്നീ സംസ്ഥാനങ്ങളിലുൾപ്പെടെ രാജ്യത്തുടനീളം 100 സ്ഥലങ്ങളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.