അമരാവതി: അനന്തപുരത്ത് കൊവിഡ് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരെ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇരുവരെയും ഇന്നലെ വൈകിട്ട് 6.50ന് മെഡിക്കൽ സെന്‍ററിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വൈറസ് ബാധ ഭേദമായതിൽ ഡോക്ടർമാരും മറ്റ് മെഡിക്കൽ സ്റ്റാഫുകളും ചേർന്ന് ആശുപത്രിയിൽ ഇരുവർക്കും ഹൃദയംഗമമായ വിടവാങ്ങൽ നൽകി.
മാർച്ച് 29നാണ് ലെപാക്ഷിയിൽ നിന്നുള്ള ഒമ്പത് വയസുകാരനേയും 36 വയസുകാരിയേയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിൽ നിന്നാണ് കുട്ടിക്ക് രോഗം ബാധിച്ചത്. യുവതി സൗദിയിൽ നിന്ന് മടങ്ങിയെത്തിയതാണ്. ആശുപത്രി ജീവനക്കാരുടെ സേവനങ്ങളെ ജില്ലാ കലക്ടർ ഗാന്ധം ചന്ദ്രഡു അഭിനന്ദിച്ചു. ഇതാദ്യമായാണ് ജില്ലയിൽ കൊവിഡ് രോഗികളെ സുഖപ്പെടുത്തി ഡിസ്ചാർജ് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ആന്ധ്രാപ്രദേശിൽ 534 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.