അമരാവതി: ആന്ധ്രാപ്രദേശിൽ 1,933 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,168 ആയി ഉയർന്നു. 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 328 ആയി. 846 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,412 ആയി.
13,428 പേർ ചികിത്സയിൽ തുടരുന്നു. സംസ്ഥാനത്തെ ആകെ രോഗബാധിതരിൽ 26,336 പേർ ആന്ധ്രാ സ്വദേശികളും, 2,403 പേർ ഇതര സംസ്ഥാനത്ത് നിന്നുള്ളവരും, 429 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ഗുണ്ടൂർ ജില്ലയിൽ 3,019, കുർണൂലിൽ 3,405, അനന്ദപുരമു ജില്ലയിൽ 3,290 കേസുകളും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ 11,53,849 സാമ്പിളുകൾ പരിശോധിച്ച് കഴിഞ്ഞു. കൊവിഡ് പോസിറ്റീവ് നിരക്ക് 2.53 ശതമാനമാണ്. രോമുക്തി നിരക്ക് 52.84 ശതമാനവും മരണനിരക്ക് 1.12 ശതമാനവുമാണ്.
അതേസമയം സർക്കാർ കൊവിഡ് ആശുപത്രികളിൽ രോഗികൾക്ക് നൽകുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം മോശമാണെന്നും ശുചിത്വമില്ലെന്നും പരാതി ഉയരുന്നുണ്ട്. തുടർന്ന് ഓരോ ജില്ലയിലെയും ജോയിന്‍റ് കലക്‌ടർമാരെ ആശുപത്രികളിലെ ഭക്ഷണം, ശുചിത്വം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. സർക്കാർ പ്രതിദിനം ഒരു രോഗിക്ക് ഭക്ഷണത്തിനായി 500 രൂപ മുടക്കുന്നുവെന്നും ഒരിക്കലും മോശം ഭക്ഷണം ലഭിക്കില്ലെന്നും നോഡൽ ഓഫീസറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ടി കൃഷ്‌ണ ബാബു പറഞ്ഞു. ഭക്ഷണത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാനായി സർക്കാർ മൂന്നാമതൊരു പാർട്ടിയെ നിയോഗിച്ചിട്ടുണ്ട്. ഉചിതമായ രീതിയിൽ ഭക്ഷണം പായ്ക്ക് ചെയ്യുന്നതിന് ഐആർസിടിസിയുടെ സഹായം സ്വീകരിക്കുന്നുണ്ടെന്നും കൃഷ്‌ണ ബാബു പറഞ്ഞു.