അമരാവതി : ഞായറാഴ്‌ച ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിലുണ്ടായ ബോട്ട് അപകടത്തില്‍ മരണസംഖ്യ 26 ആയി. രാജമുൻഡ്രിയിലുള്ള ആളുകളില്‍ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് നാല് മൃതദേഹങ്ങൾ വെള്ളത്തിലൂടെ ഒഴുകിയതായും മറ്റു മൃതശരീരങ്ങൾ പോളവാരം പദ്ധതിയുടെ കോഫര്‍ഡാമിലൂടെ ഒഴുകിയതായുമാണ് റിപ്പോര്‍ട്ട്. ഒരു മൃതദേഹം ഡൗലേഷ്വരം പദ്ധതിയുടെ ക്രസ്റ്റ് ഗേറ്റില്‍ തങ്ങിനില്‍ക്കുന്നതായും പ്രദേശവാസികൾ പറയുന്നു.
ചെവ്വാഴ്‌ച രാവിലെ വരെയും എൻഡിആര്‍എഫും എസ്‌ഡിആര്‍എഫും നടത്തിയ തിരച്ചിലില്‍ ഫലമുണ്ടായില്ലെങ്കിലും സെൻസര്‍ ഉപയോഗിച്ച് ബോട്ട് കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഉത്തരാഖണ്ഡില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച സൈഡ് സ്‌കാൻ സോനാര്‍ ഉപകരണങ്ങളുള്ള ഡൈവേഴ്‌സ് ടീമാണ് 315 അടി താഴ്‌ചയില്‍ നിന്നും ബോട്ട് കണ്ടെത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ട പരിഹാരം പ്രഖ്യാപിച്ചു.