അമരാവതി: ആന്ധ്രാപ്രദേശില്‍ ഗോദാവരി നദിയിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ ആറ് മൃതദേഹങ്ങൾ കൂടി ബുധനാഴ്ച കണ്ടെടുത്തു. ഇതോടെ ആകെ മരണം 34 ആയി ഉയർന്നു. ഇനിയും കണ്ടുകിട്ടാനുള്ള 13 പേർക്കായി തെരച്ചിൽ തുടരുകയാണ്. മരിച്ചവരിൽ 23 പുരുഷന്മാരും എട്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഞായറാഴ്ച ഉച്ചയോടെ ഗോദാവരി നദിയിൽ എട്ട് ജീവനക്കാരുൾപ്പെടെ 73 പേരുമായി പാപ്പികൊണ്ടാലു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 26 യാത്രക്കാരെ മാത്രമാണ് രക്ഷപ്പെടുത്താനായത്.
210 അടി താഴ്ചയിൽ നദിയിൽ കുടുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മുംബൈയിലെ മറൈൻ മാസ്റ്റേഴ്സ് കമ്പനിയിലെ വിദഗ്‌ധർ. കിഴക്കൻ ഗോദാവരി ജില്ലയിലെ കചുലൂരുവിൽ അപകടസ്ഥലത്തിന് 200 കിലോമീറ്റർ അകലെയാണ് ബോട്ട് കണ്ടെത്തിയതെന്ന് എസ്‌ഡിഎംഎ പറഞ്ഞു. കാണാതായവർ ബോട്ടിനുള്ളിൽ കുടുങ്ങിയെന്നാണ് ധാരണ.
നാവികസേനയിലെ മുങ്ങൽ വിദഗ്‌ധർ, ഉത്തരാഖണ്ഡിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഡീപ്പ് ഡൈവേഴ്‌സ്, ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന, സംസ്ഥാന സർക്കാരിൻ്റെ അഗ്നിശമന സേനാംഗങ്ങൾ എന്നിവരാണ് തെരച്ചിൽ നടത്തുന്നത്. 34 പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയതായും എസ്‌ഡിഎംഎ അറിയിച്ചു. പാറക്കെട്ടുകളില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്