ന്യൂഡൽഹി: ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍റെ പ്രവേശന കവാടം അടച്ചു. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ജാഫ്രാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഇന്ന് രാവിലെയാണ് മെട്രോ സ്റ്റേഷൻ അടച്ചത്.
ആയിരത്തോളം സ്‌ത്രീകൾ പങ്കെടുക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി സ്റ്റേഷൻ പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 'നോ എൻആർസി' എന്നെഴുതിയ തൊപ്പികൾ ധരിച്ച് 'ആസാദി' മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങൾ പ്രതിഷേധം നടത്തുന്നത്. ശനിയാഴ്‌ച വൈകുന്നേരമാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധക്കാർ ഇന്ന് ജാഫ്രാബാദിൽ നിന്നും രാജ്‌ഘട്ടിലേക്ക് മാർച്ച് നടത്തും. എന്നാൽ ഡൽഹി പൊലീസ് മാർച്ചിനുള്ള അനുമതി നിഷേധിച്ചു.