ബെംഗളൂരു: കർണാടകയിലെ മംഗലാപുരത്ത് തീവ്രവാദ ബന്ധമുള്ളവരെഴുതിയതെന്ന് കരുതപ്പെടുന്ന ചുവരെഴുത്ത് കണ്ടെത്തി. മംഗലാപുരം കോടതിക്ക് സമീപത്താണ് ചുവരെഴുത്ത് കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കദ്രി ബറ്റഗുദ്ദെയിലും ഇത്തരത്തിൽ ചുവരെഴുത്തുകൾ കണ്ടെത്തിയിരുന്നു.
മംഗലാപുരത്തെ കോഡിയൽബെയ്‌ലിലെ കോടതിക്ക് സമീപത്ത് കണ്ടെത്തിയ ചുവരെഴുത്തിന് കദ്രിയിലെ ചുമരെഴുത്തുമായി ബന്ധമുണ്ടെന്നാണ് പ്രാഥമീക നിഗമനം.
ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് ഉറുദു ഭാഷയിലാണ് ചുമരെഴുത്ത് കണ്ടെത്തിയത്. GUSTAK E RASOOL EK HI SAZA SAR TAN SAY JUDA - എന്നാണ് ചുവരിൽ എഴുതിയിരുന്നത്. പ്രവാചകന് ദേഷ്യം വന്നാൽ ശിരസ് ശരീരത്തിൽ നിന്ന് വേർപെടുത്തുകയാണ് ഏക ശിക്ഷ എന്നാണ് ചുവരെഴുത്തിന്‍റെ അർത്ഥം. ലഷ്കർ സിന്ദാബാദ് എന്നും ചുവരെഴുത്തിന് താഴെ എഴുതിയിരുന്നു.