അഹമ്മദാബാദ്: കോൺഗ്രസ് എംഎൽഎ ബ്രിജേഷ് മെർജ രാജിവച്ചു. ജൂൺ 19ന് ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് രാജി. മോർബി സീറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മെർജയുടെ രാജി സ്പീക്കർ രാജേന്ദ്ര ത്രിവേദി അംഗീകരിച്ചതായി നിയമസഭ സെക്രട്ടേറിയറ്റ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ രാജിവച്ച മൂന്നാമത്തെ കോൺഗ്രസ് അംഗമാണ് അദ്ദേഹം.
നിയമസഭാ സ്ഥാനം ഒഴിയുന്നതിനുമുമ്പ് മെർജ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചു. മറ്റ് രണ്ട് കോൺഗ്രസ് എംഎൽഎമാരായ അക്ഷയ് പട്ടേൽ, ജിത്തു ചൗധരി എന്നിവർ ബുധനാഴ്ച വൈകുന്നേരം രാജിവച്ചതായി ത്രിവേദി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. മാർച്ചിൽ കോൺഗ്രസിലെ അഞ്ച് എംഎൽഎമാർ രാജിവച്ചിരുന്നു. 182 അംഗ സംസ്ഥാന നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 103 എംഎൽഎമാരും പ്രതിപക്ഷ കോൺഗ്രസിന് ഇപ്പോൾ 66 എംഎൽഎമാരുമാണുള്ളത്.