ലക്‌നൗ: ഡൽഹിയിലെ ആശുപത്രികൾ തദ്ദേശിയര്‍ക്ക് മാത്രമായി നീക്കിവെക്കുന്നുവെന്ന അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം നിർഭാഗ്യകരമെന്ന് ബി.എസ്.പി മായാവതി. ഇക്കാര്യത്തിൽ കേന്ദ്രം ഇടപെടണമെന്നും ബിഎസ്പി നേതാവ് ആവശ്യപ്പെട്ടു. കേന്ദ്രം നടത്തുന്ന ആശുപത്രികൾക്ക് അത്തരം നിയന്ത്രണങ്ങളില്ലെന്നും മായാവതി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രത്യേക ശസ്ത്രക്രിയകൾക്കായി ദേശീയ തലസ്ഥാനത്ത് വന്നാൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടണമെന്ന് കെജ്‌രിവാൾ ഞായറാഴ്ച അറിയിച്ചിരുന്നു. പ്രതിസന്ധി കണക്കിലെടുത്ത് ആം ആദ്മി സർക്കാർ രൂപീകരിച്ച അഞ്ചംഗ സമിതിയാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്.
ഡൽഹി രാജ്യ തലസ്ഥാനമാണ് എന്നും രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും ആളുകൾ ജോലിക്കായി ഇവിടെയെത്തുന്നുവെന്നും അതിനാൽ തന്നെ ആരെങ്കിലും രോഗബാധിതനാകുകയും ചികിത്സ നിഷേധിക്കുകയും ചെയ്താൽ അംഗീകരിക്കാനാകില്ലെന്നും നേതാവ് ട്വിറ്ററിലൂടെ വ്യക്തമാക്കി.