മുംബൈ: ജെഎൻയു അക്രമത്തെ അപലപിച്ച് ബോളിവുഡ് നടൻ അനിൽ കപൂർ. സംഭവം ഏറെ വേദനിപ്പിച്ചന്നും കുറ്റവാളികളെ എത്രയും വേഗം ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ മലംഗിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അനിൽ കപൂർ. സംഭവം ഞെട്ടിക്കുന്നതാണ്. അക്രമത്തിലൂടെ ഒരു നേട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ ബോളിവുഡ് താരങ്ങളായ ഷബാന അസ്മി, സ്വര ഭാസ്‌കർ, അനുരാഗ് കശ്യപ്, അനുഭവ് സിൻഹ, തപ്‌സി പന്നു, ട്വിങ്കിൾ ഖന്ന, ആയുഷ്മാൻ ഖുറാന, വിശാൽ ദാദ്‌ലാനി, മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മലയാള സിനിമാ താരങ്ങളും സംഭവത്തെ അപലപിച്ചിരുന്നു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിൽ ബോളിവുഡ് താരങ്ങളെ അനുനയിപ്പിക്കാനുള്ള ബിജെപി ശ്രമം പാളി. പൗരത്വ നിയമത്തിലെ പ്രചരണങ്ങളും യാഥാര്‍ത്ഥ്യങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച യോഗത്തിലും ബിജെപി ഒരുക്കിയ അത്താഴത്തിലും പങ്കെടുക്കാൻ താരങ്ങൾ എത്തിയില്ല. മാത്രമല്ല പലരും മുംബൈയിൽ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.